ജർമ്മൻ പാർലമെന്റ് വളപ്പിൽ പശുക്കളുമായി എത്തി പ്രതിഷേധിച്ച് ജർമ്മനിയിലെ പരിസ്ഥിതി പ്രവർത്തകർ. കാലികൾക്ക് മേയാൻ സ്ഥലമില്ലെന്ന പരാതിയുമായാണ് ഗ്രീൻപീസ് പ്രവർത്തകർ പശുക്കളെയും പശുക്കുട്ടികളെയും പാർലമെന്റ് ഗാർഡനിലെത്തിച്ചത്.വർഷത്തിലെ 70 ശതമാനത്തോളം സമയവും പശുക്കളെ ഗോശാലകളിൽ അടച്ചിടേണ്ട അവസ്ഥയാണ് ജർമ്മനിയിൽ നിലവിലുള്ളതെന്നാണ് പ്രതിഷേധക്കാർ ആരോപിക്കുന്നത്. റീച്ച് സ്റ്റാഗിന് മുന്നിലുള്ള 11 കന്നുകാലികൾ അവരുടെ ദശലക്ഷക്കണക്കിന് കൂട്ടാളികളെയാണ് പ്രതിനിധീകരിക്കുന്നത്.മേച്ചിൽപുറങ്ങളിൽ തീറ്റതേടി നടക്കാൻ സാധിക്കുന്നത് വെറും 30 ശതമാനം മാത്രം വരുന്ന പശുക്കൾക്കാണ്. ഈ അവസ്ഥക്ക് മാറ്റം ഉണ്ടാവാൻ വേണ്ടിയാണ് ഇത്തരത്തിൽ ഉള്ള വ്യത്യസ്തമായ പ്രതിഷേധം എന്ന് പരിപാടിയുടെ സംഘാടക ലസി വാൻ അകെൻ പറയുന്നു.കർഷകർക്ക് പാൽ വിപണിയിൽ ന്യായമായ വില ലഭിക്കണമെന്നും ലസി വാൻ അകെൻ വ്യക്തമാക്കി. ഉക്കർമാർക്കിലെ ഒരു ഫാമിൽ നിന്നാണ് പശുക്കളെ പ്രതിഷേധത്തിനായി കൊണ്ടുവന്നത്. എന്തായായും പുതിയ പ്രതിഷേധ രീതി സമൂഹമാധ്യമങ്ങളിലും ഇതിനോടകം വൈറലായിക്കഴിഞ്ഞു.