കൊച്ചി: എഐ ക്യാമറ പദ്ധതി അഴിമതി ആരോപണത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പദ്ധതി ഏതെങ്കിലും പ്രത്യേക കമ്പനിയെ ഏൽപ്പിച്ചതല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ടെൻഡർ കിട്ടാത്ത കമ്പനികളാണ് പരാതിക്കാർ. ജനങ്ങളോട് മറുപടി പറയേണ്ട ബാധ്യതയെ സർക്കാരിനുള്ളുവെന്നും യൂത്ത് ലിറ്ററേച്ചർ ഫെസ്റ്റ് വേദിയിൽ പിണറായി വിജയൻ വ്യക്തമാക്കി. എഐ ക്യാമറ പദ്ധതിയിൽ സർക്കാറിനും മുഖ്യമന്ത്രിക്കുമെതിരെ നിരവധി ആരോപണങ്ങളാണ് പ്രതിപക്ഷം ഉന്നയിച്ചത്. പദ്ധതിക്ക് ഉപ കരാർ ലഭിച്ച കമ്പനികളിൽ മുഖ്യമന്ത്രിയുടെ മകന്റെ ഭാര്യാപിതാവിന്റെ ബിനാമിയുണ്ടെന്ന് വരെ ആരോപണമുയർന്നിരുന്നു.
ടെൻഡർ വിളിച്ച് കുറഞ്ഞ തുക രേഖപ്പെടുത്തിയവർക്കാണ് നൽകിയത്. കിട്ടാത്തവർ ചില്ലറക്കാരല്ല, അവരാണ് പരാതിക്കാർ. രാജ്യത്ത് അഴിമതി ഏറ്റവും കുറഞ്ഞ സംസ്ഥാനം കേരളമാണ്. ഇപ്പോഴത്തെ കരാറുകാർക്ക് വിഹിതം ഓരോയിടത്തും കൊണ്ടുചെന്ന് കൊടുക്കേണ്ട അവസ്ഥയില്ല. ഇപ്പോൾ രാഷ്ട്രീയ വിരോധത്തിനപ്പുറം പുതിയ പുതിയ കഥകൾ തയ്യാറാക്കുന്നു. നിർഭാഗ്യവശാൽ ഈ കഥകൾക്ക് വലിയ പ്രചാരണം കിട്ടുന്നു. ജനങ്ങളോട് മറുപടി പറയേണ്ട ബാധ്യതയേ സർക്കാരിനുള്ളൂ. കുബുദ്ധികൾക്ക് മറുപടിയില്ലന്നും മുഖ്യമന്ത്രി പറഞ്ഞു.