തിരുവനന്തപുരം: റോഡിലെ ക്യാമറ വിവാദത്തിൽ നിരന്തരമുള്ള ചോദ്യങ്ങൾക്ക് മറുപടി പറയാൻ മുഖ്യമന്ത്രിക്ക് മനസ്സില്ലെന്ന് സിപിഎം കേന്ദ്രകമ്മിറ്റി അംഗം എകെ ബാലൻ. മുഖ്യമന്ത്രിക്കെതിരെ എന്തും പറയാമെന്ന നിലപാടാണ് പ്രതിപക്ഷത്തിനുള്ളത്. പരാതി വന്നു. അന്വേഷണം നടക്കുന്നുണ്ട്. പരാതി വരുന്നതും കാലഘട്ടത്തിന് അനുസരിച്ച് പദ്ധതികളിൽ മാറ്റം വരുന്നതും സ്വാഭാവികമാണ്. വീണ്ടും വീണ്ടും മുഖ്യമന്ത്രി മറുപടി പറയണമെങ്കിൽ അതിന് മനസ്സില്ലെന്നാണ് അർത്ഥമെന്നും എകെ ബാലൻ പറഞ്ഞു.
മുഖ്യമന്ത്രി എന്താണ് പ്രതികരിക്കാത്തത് എന്നാണ് ചോദ്യം. വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട മുഖ്യമന്ത്രി എങ്ങനെയാണ് അഭിപ്രായം പറയുക. മുഖ്യമന്ത്രി ഇടപെട്ടുവെന്ന് അപ്പോൾ പറയും. പ്രതികരിക്കാതെ ഇരുന്നാൽ എന്തോ ഒളിച്ചുവെക്കുന്നുവെന്ന് പറയും. മുഖ്യമന്ത്രി ഇതുമായി ബന്ധപ്പെട്ട് പ്രതികരിക്കണോ വേണ്ടയോ എന്നൊക്കെ വരട്ടെ. ഇപ്പോൾ പലതും വരുന്നുണ്ടല്ലോ. എല്ലാം കലങ്ങിത്തെളിയട്ടെ. ഓരോ ദിവസവും ഓരോ ആൾക്കാരെക്കൊണ്ടും ഓരോ കമ്പനിക്കാരെക്കൊണ്ടും ഓരോന്നും പറയിപ്പിക്കുന്നുണ്ടല്ലോ. അതിനെല്ലാം മറുപടി പറയണമെങ്കിൽ മുഖ്യമന്ത്രിയുടെ ഓഫീസിൽ സംവിധാനം ഉണ്ടായിരിക്കണം. നിങ്ങളെ കണ്ട് മറുപടി പറയാൻ.