ലണ്ടന്‍ :രാജാവായി ചാള്‍സ് മൂന്നാമന്റെ കിരീടധാരണച്ചടങ്ങിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ, ബ്രിട്ടനില്‍ രാജഭരണ വിരുദ്ധവികാരം ശക്തമാകുന്നു.ചടങ്ങ് നടക്കുന്ന ആറിന് ട്രാഫര്‍ഗര്‍ നഗറിലെ കിങ് ചാള്‍സ് ഒന്നാമന്റെ പ്രതിമയ്ക്ക് മുന്നില്‍ വലിയ പ്രതിഷേധത്തിന് ഒരുങ്ങുകയാണ് വിവിധ സംഘടനകള്‍. കിരീടധാരണത്തിന് മുന്നോടിയായുള്ള ഘോഷയാത്ര കടന്നുപോകവെ, മഞ്ഞവസ്ത്രത്തില്‍ 1500ല്‍പ്പരം പേര്‍ ഇവിടെ ഒത്തുചേര്‍ന്ന് ‘നോട്ട് മൈ കിങ്’ (എന്റെ രാജാവല്ല) എന്ന് മുദ്രാവാക്യം മുഴക്കും. ചാള്‍സ് ഒന്നാമന്‍ രാജാവിനെ 1649ല്‍ പാര്‍ലമെന്റ് പുറത്താക്കുകയും വധശിക്ഷയ്ക്ക് വിധേയനാക്കുകയുമായിരുന്നു.
രാജ്ഞിയായിരുന്ന എലിസബത്ത് 2022 സെപ്തംബറില്‍ മരിച്ചപ്പോള്‍ത്തന്നെ രാജഭരണം അവസാനിപ്പിക്കണമെന്ന ആവശ്യം ബ്രിട്ടനില്‍ ശക്തമായി. രാജ്യത്തെ അവസാന കിരീടധാരണമായിരിക്കണം ചാള്‍സിന്റേതെന്നാണ് പ്രക്ഷോഭകര്‍ ഇപ്പോള് ആവശ്യപ്പെടുന്നത്. രാജ്യം പൂര്‍ണാര്‍ഥത്തില്‍ ജനാധിപത്യത്തിലേക്ക് മാറണമെന്നും ആവശ്യപ്പെടുന്നു.
കോളനിയായിരുന്നപ്പോള്‍ ദക്ഷിണാഫ്രിക്കയില്‍നിന്ന് കടത്തിക്കൊണ്ടുപോയ ലോകത്തെ ഏറ്റവും വലിയ വജ്രം തിരിച്ചുനല്‍കണമെന്ന ആവശ്യവുമായി ദക്ഷിണാഫ്രിക്കയിലെ വിവിധ സംഘടനകള്‍ രംഗത്തെത്തി. 1905ല്‍ ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ ഭീമന്‍ വജ്രം രണ്ടുവര്‍ഷത്തിനുശേഷം അന്നത്തെ ഭരണനേതൃത്വം ബ്രിട്ടീഷുകാര്‍ക്ക് നല്‍കുകയായിരുന്നു. ഇത് കിരീടധാരണ ചടങ്ങില്‍ ചാള്‍സ് കൈയേന്തുന്ന ദണ്ഡിന്റെ ഭാഗമാകുമെന്ന് റിപ്പോര്ട്ടുണ്ട്. തുടര്‍ന്നാണ് ഇത് തിരിച്ചുനല്‍കണമെന്ന ആവശ്യം ശക്തമായത്.