അദാനി ഗ്രൂപ്പിനും ജാക്ക് ഡോർസിക്കും ശേഷം മറ്റൊരു ശതകോടീശ്വരന്റെ സ്ഥാപനത്തെ ലക്ഷ്യമിട്ട് ഹിൻഡൻബർഗ്. യുഎസ് ആസ്ഥാനമായുള്ള ഷോർട്ട് സെല്ലറായ ഹിൻഡൻബർഗ് റിസർച്ച് പുതിയ റിപ്പോർട്ടുമായി രംഗത്തെത്തി. ഹിൻഡൻബർഗിന്റെ ഏറ്റവും പുതിയ റിപ്പോർട്ട് അമേരിക്കൻ കമ്പനിയായ ഐക്കാൻ എന്റർപ്രൈസസിനെതിരെയുള്ളതാണ്. നിക്ഷേപകനും ശതകോടീശ്വരനുമായ കാൾ ഐക്കാന്റെ കമ്പനിയാണിത്. റിപ്പോർട്ട് പുറത്ത് വന്നതിന് പിറകെ കാൾ ഐക്കാന്റെ സ്ഥാപനത്തിന്റെ ഓഹരികളിൽ 20 ശതമാനം ഇടിവുണ്ടായി. കമ്പനികളുടെ സുതാര്യത മുഖമുദ്രയായി കൊണ്ടുനടക്കുന്ന കാൾ ഐക്കാന് അപ്രതീക്ഷിതവുമായ വെല്ലുവിളിയായി ഹിൻഡൻബർഗ് റിപ്പോർട്ട്. ഇന്നലെ സ്ഥാപനത്തിന്റെ ഓഹരികൾക്ക് മൂല്യത്തിന്റെ അഞ്ചിലൊന്ന് നഷ്ടമായി. റിപ്പോർട്ട് പുറത്തുവന്നതിന് ശേഷം ഓഹരി ഏകദേശം 39 ശതമാനം ഇടിഞ്ഞു.കമ്പനി അതിന്റെ ഹോൾഡിംഗുകളെ അമിത മൂല്യം ഉണ്ടെന്ന് കാണിക്കുകയും ലാഭവിഹിതം നൽകുന്നതിന് “പോൻസി” പോലുള്ള ഘടനയെ ആശ്രയിക്കുകയും ചെയ്തുവെന്ന് ഹിൻഡൻബർഗ് ആരോപിച്ചു. നിക്ഷേപകരെ വശീകരിക്കുകയും സമീപകാല നിക്ഷേപകരില്‍ നിന്നുള്ള ഫണ്ടുകള്‍ ഉപയോഗിച്ച് മുന്‍ നിക്ഷേപകര്‍ക്ക് ലാഭം നല്‍കുകയും ചെയ്യുന്ന ഒരു വഞ്ചനപരമായ രീതിയാണ് പോന്‍സി സ്‌കീം
ചൊവ്വാഴ്ച റിപ്പോർട്ട് പുറത്തുവന്നതിന് ശേഷം ഐക്കന്റെ സമ്പത്തിൽ നിന്ന് 7.5 ബില്യൺ ഡോളർ നഷ്ടമായി, ഫോർബ്സ് പട്ടിക പ്രകാരം 10.8 ബില്യൺ ഡോളറാണ് അദ്ദേഹത്തിന്റെ ആസ്തി.
അദാനി ഗ്രൂപ്പിലെ ക്രമക്കേടുകളെക്കുറിച്ച് ഹിൻഡൻബർഗ് റിപ്പോർട്ട് പുറത്തുവിട്ടത് അഞ്ച് മാസങ്ങൾക്ക് മുൻപാണ്. ലോക സമ്പന്ന പട്ടികയിൽ രണ്ടാം സ്ഥാനത്തായിരുന്ന ഗൗതം അദാനി ഇതോടെ 23 ലേക്ക് പിന്തള്ളപ്പെട്ടു. മാർച്ചിലാണ് ട്വിറ്റർ സഹസ്ഥാപകനും മുൻ സിഇഒയും ആയ ജാക്ക് ഡോർസിയുടെ പേയ്മെന്റ് സ്ഥാപനമായ ‘ബ്ലോക്ക്’ കണക്കിൽ കൃത്രിമം കാണിച്ച് ഓഹരിവില പെരുപ്പിച്ചുകാട്ടിയെന്ന് ഹിൻഡൻബർഗിന്റെ റിപ്പോർട്ട് പുറത്തുവന്നത്