മെൽബൺ: സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയുടെ പത്താം വാർഷികത്തിനോടനുബന്ധിച്ച് “അമ്മയ്ക്കായി ഒരുദിവസം’ പരിപാടി നടത്തുന്നു. മേയ് 14ന് വെെകുന്നേരം 4.15 സെന്റ് മാത്യൂസ് കത്തോലിക്കാ പള്ളി ഫോക്നറിലും വെെകുന്നേരം 6.30നും നോബിൾ പാർക്കിലുള്ള സെന്റ് ആന്റണീസ് കത്തോലിക്കാ പള്ളിയിലും വിശുദ്ധ കുർബാനയോടൊപ്പമാണ് മതേർസ് ഡേ ആഘോഷിക്കുന്നത്.
പരിപാടിയിൽ മാതൃത്വത്തിന്റെ മനോഹാരിത പ്രാർഥനാപൂർവം അനുഭവിച്ച ഇടവകയിലെ ഓരോ അമ്മമാരെയും ആദരിക്കുകയും ചെയ്യുന്നു.മേയ് ഏഴിന് വേദപാഠ ക്ലാസുകളിൽവച്ച് അമ്മമാർക്കായി, കുട്ടികൾ എഴുതുന്ന പ്രത്യേക പ്രാർഥനകൾ, 14ാം തീയതിയിലെ വിശുദ്ധ കുർബാനയിൽ സമർപ്പിച്ച് പ്രാർഥിക്കും.
പ്രത്യേക വിശുദ്ധ കുർബാനയോടൊപ്പം കാഴ്ചവപ്പ്, അമ്മമാരെ ആദരിക്കൽ, മതേർസ് ഡേ സന്ദേശം, വീഡിയോ പ്രദർശനം തുടങ്ങിയവയും ഉണ്ടായിരിക്കും.
ഇടവകയിലെ എല്ലാ കുടുംബങ്ങളും സ്വകുടുംബങ്ങളിലെ അമ്മമാർക്ക്, മതേർസ് ഡേ ആശംസകൾ നേർന്ന് കൊണ്ടുള്ള അഞ്ച് സെക്കൻഡ്സ് മാത്രം ദൈർഘ്യമുള്ള ഒരു വീഡിയോ, ലാൻസ്കേപ്പിൽ എടുത്ത് ഏഴാം തീയതിക്ക് മുൻപായി കോർഡിനേറ്റർമാരായ ജോർജ് പവ്വത്തേൽ 04525 99498, മാത്യു ലൂക്കോസ് 04472 68620 എന്നീ വാട്ട്സാപ്പ് നമ്പറുകളിലേയ്ക്ക് അയച്ച് തരിക.പത്താം വാർഷികം ജനറൽ കൺവീനർ ഷിനോയ് മഞ്ഞാങ്കലിന്റെയും, മതേർസ് ഡേ കോർഡിനേറ്റർമാരായ ജോർജ് പവ്വത്തേൽ, മാത്യു ലൂക്കോസ് എന്നിവർ നയിക്കുന്ന കമ്മിറ്റിയുടെയും, ഇടവകയിലെ യുവജന വിഭാഗത്തിന്റെയും നേതൃത്വത്തിൽ, മതേർസ് ഡേ ആഘോഷങ്ങൾക്കുള്ള ഒരുക്കങ്ങൾ നടത്തിവരുന്നു.
ഇടവകയുടെ പത്താം വാർഷികത്തിനോടനുബന്ധിച്ചു നടത്തുന്ന ഈ പ്രത്യേക മതേർസ് ഡേ ആഘോഷത്തിൽ പങ്കെടുക്കുവാനും ദൈവാനുഗ്രഹം പ്രാപിക്കുവാനുമായി ഇടവകയിലെ, എല്ലാ അമ്മമാരെയും ഏറ്റവും സ്നേഹപൂർവ്വം ക്ഷണിച്ചുകൊള്ളുന്നുവെന്ന് ഇടവക വികാരി ഫാ: അഭിലാഷ് കണ്ണാമ്പടം, സെക്രട്ടറി ഫിലിപ്സ് എബ്രഹാം കുരീക്കോട്ടിൽ, കൈക്കാരന്മാരായ ആശിഷ് സിറിയക് വയലിൽ, നിഷാദ് പുലിയന്നൂർ എന്നിവർ അറിയിച്ചു.