മാസ്മരിക സൗന്ദര്യം, നിഗൂഢത നിറഞ്ഞ ജീവിതം, ദുരൂഹത നീക്കാനാകാത്ത മരണം – മണ്‍മറഞ്ഞ് നൂറ്റാണ്ടുകള്‍ക്ക് ശേഷവും ക്ലിയോപാട്രയെന്ന ഈജിപ്തിലെ റാണി ചര്‍ച്ചയായ സന്ദര്‍ഭങ്ങള്‍ ഏറെയുണ്ട്.
ഇപ്പോഴിതാ ക്ലിയോപാട്രയെ ചൊല്ലി പുതിയ വിവാദം ഉടലെടുത്തിരിക്കുന്നു. ക്ലിയോപാട്ര കറുപ്പോ, വെളുപ്പോ എന്നതാണ് ചര്‍ച്ച. നെറ്റ്ഫ്ലിക്സ് ഡ്രാമ ഡോക്യുമെന്‌റി ക്വീന്‍ ക്ലിയോപാട്ര’യെ ചുറ്റിപറ്റിയാണ് വിവാദങ്ങള്‍.
മെയ് 10ന് പുറത്തിനിറങ്ങാനിക്കുന്ന ക്വീന്‍ ക്ലിയോപാട്രയുടെ പ്രദര്‍ശനം തടയണമെന്ന് ആവശ്യം
ഈജിപ്തിലെ അവസാനത്തെ ഫറവോയായ ക്ലിയോപാട്ര, തന്റെ സിംഹാസനവും കുടുംബവും പാരമ്ബര്യവും സംരക്ഷിക്കാന്‍ നടത്തിയ പോരാട്ടമാണ് ‘ക്വീന്‍ ക്ലിയോപാട്ര’യില്‍ പറയുന്നത്. ക്ലിയോപാട്രയുടെ ജീവിതം പുനരാവിഷ്കരിക്കുന്നതിനൊപ്പം വിദഗ്ധ അഭിമുഖങ്ങളും നെറ്റ്ഫ്ലിക്സ് ഡ്രാമ ഡോക്യുമെന്ററിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.
ജാഡ പിങ്കെറ്റ് നിര്‍മിക്കുന്ന ഡോക്യുമെന്ററിയില്‍ ക്ലിയോപാട്രയായെത്തുന്നത് ബ്രിട്ടീഷ് നടി അഡേല്‍ ജെയിംസാണ്. ഇരുണ്ട നിറക്കാരിയായ അഡേലിനെ ക്ലിയോപാട്രയാക്കിയതിലൂടെ ഈജിപ്ഷ്യന്‍ ചരിത്രത്തെ വളച്ചൊടിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നാണ് ആരോപണമുയരുന്നത്. മെയ് 10ന് പുറത്തിനിറങ്ങാനിക്കുന്ന ക്വീന്‍ ക്ലിയോപാട്രയുടെ പ്രദര്‍ശനം തടയണമെന്ന ആവശ്യമുന്നയിച്ച് ഈജിപ്തില്‍ പരാതികളും ഉയര്‍ന്നു കഴിഞ്ഞു. ഡോക്യുമെന്ററിയിലൂടെ ചരിത്രം തിരുത്തിയെഴുതാന്‍ ശ്രമിക്കുകയാണെന്ന് ആരോപിച്ച് 40,000-ലധികം ആളുകള്‍ ഒപ്പിട്ട ഓണ്‍ലൈന്‍ ഹര്‍ജി ഇതിനോടകം തന്നെ ‘ക്വീന്‍ ക്ലിയോപാട്ര’യ്ക്കെതിരെ സമര്‍പ്പിച്ചിട്ടുണ്ട്.
ഈജിപ്ത് പുരാവസ്തു വകുപ്പ്ചരിത്രം തിരുത്തുന്നതിനെതിരെയാണ് പ്രതികരിക്കുന്നത്. വംശീയതയായി അതിനെ കണക്കാക്കേണ്ടതില്ല
ഇപ്പോഴിതാ നെറ്റ്ഫ്ലിക്സിനെതിരെ ഈജിപ്ത് പുരാവസ്തു വകുപ്പ് തന്നെ രംഗത്തെത്തിയിരിക്കുന്നു. വെളുത്ത നിറത്തിനും ഗ്രീക്ക് സൗന്ദര്യത്തിനുമുടമയാണ് ക്ലിയോപാട്രയെന്നാണ് ഈജിപ്ത് പുരാവസ്തു വകുപ്പിന്റെ വിശദീകരണം. രാഞ്ജിയുടെ പഴയകാല ശില്‍പ്പങ്ങളും രൂപങ്ങളും അവരെ കുറിച്ചുള്ള എഴുത്തുകളുമെല്ലാം ഇത് ശരിവയ്ക്കുന്നതാണെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. ചരിത്രം തിരുത്തുന്നതിനെതിരെയാണ് പ്രതികരിക്കുന്നതെന്നും വംശീയതയായി അതിനെ കണക്കാക്കേണ്ടതില്ലെന്നുമാണ് ഈജിപ്ത് പുരാവസ്തു വകുപ്പ് മേധാവി മൊസ്തഫ വസീരി വ്യക്തമാക്കുന്നത്.
ഈജിപ്തിന്റെ ചരിത്രത്തേയും പുരാതന കുടുംബ മൂല്യങ്ങളേയും അവഹേളിക്കുന്ന ഉള്ളടക്കം നെറ്റ്ഫ്ലിക്സ് നിരോധിക്കണം, നെറ്റ്ഫ്ലിക്സിന് വിലക്കേര്‍പ്പെടുത്തണം തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഈജിപ്തില്‍ പ്രതിഷേധം ശക്തമാണ്. എന്നാല്‍ എന്തുകൊണ്ടാണ് ക്ലിയോപാട്ര വെളുത്തിരിക്കണമെന്ന് ചിലര്‍ക്ക് നിര്‍ബന്ധമെന്നാണ് ‘ക്വീന്‍ ക്ലിയോപാട്ര’യുടെ സംവിധായിക ടിന ഘരാനി ചോദിക്കുന്നത്. ക്ലിയോപാട്ര വെളുത്ത നിറമാകുമ്ബോഴേക്കും മൂല്യം കൂടുമോയെന്നും പരാതി ഉന്നയിക്കുന്നവരോട് സംവിധായിക ചോദിക്കുന്നു.
ബിസി 69-ല്‍ ഈജിപ്തിലുള്ള നഗരമായ അലക്സാന്‍ഡ്രിയയിലായിരുന്നു ക്ലിയോപാട്രയുടെ ജനനം. അലക്സാന്‍ഡര്‍ രാജാവിന്റെ മാസിഡോണിയന്‍ ഗ്രീക്ക് വംശജനായ ജനറല്‍ ടോളമി സ്ഥാപിച്ച രാജവംശത്തിലെ അവസാന രാജ്ഞിയായിരുന്നു ക്ലിയോപാട്ര. ക്ലിയോപാട്രയ്ക്ക് ആഫ്രിക്കന്‍ വംശവുമായി ബന്ധമുണ്ടെന്ന് ചൂണ്ടിക്കാട്ടി 2009-ല്‍ ഒരു ബിബിസി ഡോക്യുമെന്ററി രംഗത്തെത്തിയിരുന്നെങ്കിലും പ്രത്യേകിച്ച് വിവാദങ്ങളൊന്നും അതുണ്ടാക്കിയിരുന്നില്ല.