അമ്പതാം പിറന്നാൾ ആഘോഷിക്കുന്ന ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറിന് പിറന്നാൾ സമ്മാനവുമായി ക്രിക്കറ്റ് ഓസ്ട്രേലിയ. സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ട് ഇനി അറിയപ്പെടുന്നത് സച്ചിന്റെയും വെസ്റ്റ് ഇൻഡീസ് ഇതിഹാസം ബ്രയാൻ ലാറയുടെയും പേരിലായിരിക്കും. ‘ബ്രയാൻ ലാറ-സച്ചിൻ ടെണ്ടുൽക്കർ ‘ ഗേറ്റ് ക്രിക്കറ്റ് ഓസ്ട്രേലിയ അധികൃതർ അനാച്ഛാദനം ചെയ്തു.
മെമ്പേഴ്സ് പവലിയന്റെ എവേ ഡ്രസ്സിംഗ് റൂമിനും നോബിൾ ബ്രാഡ്മാൻ മെസഞ്ചർ സ്റ്റാൻഡിനും ഇടയിൽ സ്ഥിതി ചെയ്യുന്ന ലാറ-ടെണ്ടുൽക്കർ ഗേറ്റ്സ് വഴിയാണ് ക്രിക്കറ്റ് താരങ്ങൾ ഇനി മുതൽ മൈതാനത്തെത്തുക. ക്രിക്കറ്റ് താരങ്ങൾ കടന്നുപോകുന്ന ഗേറ്റിന് തന്റെ പേര് നൽകിയത് വലിയ ബഹുമതിയാണെന്ന് സച്ചിൻ പറഞ്ഞു.
സച്ചിന്റെ 50-ാമത് ജന്മദിനവും എസ്സിജിയിൽ 277 റൺസ് നേടിയ ലാറയുടെ ഇന്നിംഗ്സിന് 30 വർഷവും തികയുന്ന ദിനമാണ് ഏപ്രിൽ 24. എസ്സിജി, വെന്യൂസ് എൻഎസ്ഡബ്ല്യു ചെയർമാൻ റോഡ് മക്ജിയോച്ച് എഒ, സിഇഒ കെറി മാത്തർ, ക്രിക്കറ്റ് ഓസ്ട്രേലിയ സിഇഒ നിക്ക് ഹോക്ലി എന്നിവർ ചേർന്നാണ് ഗേറ്റുകൾ അനാച്ഛാദനം ചെയ്തത്.