സിഡ്നി: വീണ്ടുമൊരു സൂര്യഗ്രഹണത്തിന് സാക്ഷിയാകാൻ ഒരുങ്ങുകയാണ് ലോകം. നിങ്കലു സോളാർ എക്ലിപ്സ് എന്ന് വിളിക്കപ്പെടുന്ന ഹെബ്രിഡ് സൂര്യഗ്രഹണം ഏപ്രിൽ 20-ന് ആണ് സംഭവിക്കാൻ പോകുന്നത്. സങ്കര സൂര്യഗ്രഹണമാണ് ഇത്തവണ സംഭവിക്കാൻ പോകുന്നത് എന്നാണ് ഏറ്റവും വലിയ പ്രത്യേകത. അതായത് ചില സ്ഥലങ്ങളിൽ പൂർണ സൂര്യഗ്രഹണമായും ചില സ്ഥലങ്ങളിൽ വലയ സൂര്യഗ്രഹണമായും ആയാണ് ദൃശ്യമാകുക.
ഈ ഹൈബ്രിഡ് സൂര്യഗ്രഹണത്തിന് നിങ്കലു എന്ന് പേരിടാൻ കാരണം ഓസ്ട്രലിയയിലെ ഒരു തീരമാണ്. ഓസ്ട്രേലിയൻ തീരത്തെ നിങ്കലുവിൽ നിന്നാണ് സൂര്യഗ്രഹണം ഏറ്റവും മികച്ച രീതിയിൽ കാണുക. പശ്ചിമ ഓസ്ട്രേലിയൻ ഭരണകൂടം നൽകുന്ന വിവരം അനുസരിച്ച് എക്സ്മൗത്ത് നഗരത്തിൽ മാത്രമാണ് പൂർണ സൂര്യഗ്രഹണം ദൃശ്യമാവുക എന്നാണ് പറയുന്നത്. അതായത്, ഗ്രഹണത്തിന്റെ ഒരു ഭാഗവും, പൂർണമായോ ഭാഗികമായോ, ഇന്ത്യയിലെ കാഴ്ചക്കാർക്ക് ദൃശ്യമാകില്ല എന്ന് അർത്ഥം. അതിനാൽ തന്നെ ഓൺലൈൻ ലൈവ് സ്ട്രീമിംഗ് മാത്രമാണ് ഇന്ത്യയിലുള്ളവർക്ക് ഗ്രഹണം കാണുന്നതിനുള്ള ഏക ആശ്രയം.എക്സ്മൗത്തിൽ ഏകദേശം മൂന്ന് മണിക്കൂറോളം ഭാഗിക സൂര്യഗ്രഹണം ദൃശ്യമാകും. ഏപ്രിൽ 20 ന് രാവിലെ 10.04 മുതൽ ഭാഗിക സൂര്യഗ്രഹണം കാണാം. വളരെ ചുരുങ്ങിയ സമയത്തേക്ക് (11.29 മുതൽ 11.30 വരെ) ഒരു പൂർണ ഗ്രഹണം ദൃശ്യമാകും. തെക്കുകിഴക്കൻ ഏഷ്യ, ഈസ്റ്റ് ഇൻഡീസ്, ഫിലിപ്പീൻസ്, ന്യൂസിലാൻഡ്, ഓസ്ട്രേലിയയുടെ മറ്റ് ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽ ഭാഗിക ഗ്രഹണം ദൃശ്യമാകും.