ഭുവനേശ്വര്‍: ഒഡിഷയില്‍ 70-കാരനെയും രണ്ടു ഭാര്യമാരെയും വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. മഴു കൊണ്ട് തലയ്ക്ക് വെട്ടേറ്റ നിലയിലായിരുന്നു ഇവരുടെ മൃതദേഹങ്ങള്‍. കൊലപാതകമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഫോറന്‍സിക് വിദഗ്ധരും പൊലീസ് നായയും സംഭവ സ്ഥലത്തെത്തി. അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.
ഒഡീഷയിലെ അഖിഫുത്ത ഗ്രാമത്തിലാണ് തങ്കധര്‍ സാഹു എന്ന 70-കാരനും ഭാര്യമാരായ ദ്രൗപതി സാഹു (65) മാധവി സാഹു (45) എന്നിവരും കൊല്ലപ്പെട്ടത്. വീടിനുള്ളില്‍ രക്തത്തില്‍ കുളിച്ചു കിടക്കുന്ന നിലയിലായിരുന്നു മൃതേദഹങ്ങള്‍. രാവിലെ 11 മണി ആയിട്ടും വീടിന് വെളിയില്‍ ആരെയും കാണാത്തതിനെത്തുടര്‍ന്ന് അയല്‍വാസി നടത്തിയ പരിശോധനയിലാണ് രക്തത്തില്‍ കുളിച്ച നിലയില്‍ സ്ത്രീകളുടെ മൃതദേഹം കണ്ടെത്തിയത്. പോലീസ് വന്ന് വീട് തുറന്നപ്പോഴാണ് തങ്കധര്‍ സാഹുവും ഭാര്യമാരും വെവ്വേറെ മുറികളില്‍ തലയ്ക്ക് വെട്ടേറ്റ് മരിച്ച് കിടക്കുന്നതായി കണ്ടത്. തലയ്ക്കേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. വീടിന്റെ പിന്നില്‍ നിന്നും രക്തം പുരണ്ട കോടാലി പോലീസ് കണ്ടെടുത്തു. കോടാലി ഉപയോഗിച്ച് വെട്ടിക്കൊന്നശേഷം പ്രതി വീടിന് പിന്നിലൂടെ ഓടി രക്ഷപ്പെട്ടിട്ടുണ്ടാകുമെന്നാണ് പോലീസ് സംശയിക്കുന്നത്. പിന്‍വശത്തെ വാതില്‍ തുറന്ന നിലയിലായിരുന്നു. പുറകുവശത്തുനിന്നാണ് രക്തം പുരണ്ട മഴു പൊലീസ് കണ്ടെത്തിയത്. ബാര്‍ഗര്‍ഹില്‍ ജില്ലയിലെ ബേഡന്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് അഖിഫുത്ത ഗ്രാമം. തങ്കധര്‍ സാഹുവും രണ്ടു ഭാര്യമാരും കൂടി താമസിക്കുന്ന വീട്ടിലാണ് കൊലപാതകങ്ങള്‍ നടന്നത്. തങ്കധറിന്റെ ആദ്യ ഭാര്യയാണ് ദ്രൗപതി. ദ്രൗപതിക്ക് കുട്ടികള്‍ ഉണ്ടാകാത്തതിനാലാണ് തങ്കധര്‍ മാധവിയെയും വിവാഹം കഴിച്ചത്. വിവാഹ ശേഷം മൂവരും സന്തോഷത്തോടെയാണ് ജീവിച്ചിരുന്നതെന്ന് നാട്ടുകാര്‍ പറയുന്നു.
അനന്തരവനുമായി തങ്കധറിന് പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായി ബന്ധുക്കളില്‍ ചിലര്‍ പൊലീസിന് മൊഴി നല്‍കിയതായി ഒറിസ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. മാസങ്ങള്‍ക്ക് മുമ്പ് വരെ അനന്തരവന്‍ ഇവര്‍ക്കൊപ്പമാണ് താമസിച്ചിരുന്നത്. തങ്കധറിന്റെ മോട്ടോര്‍ സൈക്കിളുമായി ഇയാള്‍ പിന്നീട് കടന്നുകളയുകയായിരുന്നു. ഈ സംഭവത്തെക്കുറിച്ച് തങ്കധര്‍ പോലീസ് സ്റ്റേഷനില്‍ പരാതിപ്പെട്ടിരുന്നു.