പത്തനംതിട്ട: ബംഗളൂരുവിൽ നിന്ന് എംഡിഎംഎയുമായി എത്തിയ യുവാവ് പത്തനംതിട്ടയിൽ പിടിയിലായി. മൈലപ്ര സ്വദേശി മിഥുൻ രാജീവാണ് അറസ്റ്റിലായത്. ബംഗളൂരുവിൽ നിന്ന് ആഴ്ചതോറും എംഡിഎംഎ കേരളത്തിലെത്തിച്ച് വിൽപ്പന നടത്തുന്ന സംഘത്തിലെ അംഗമാണ് പ്രതിയെന്ന് പൊലീസ് പറയുന്നു.
ഡാൻസാഫ് ടീമിന്റെയും പൊലീസിന്റെയും സംയുക്ത പരിശോധനയിലാണ് മിഥുൻ രാജീവ് പിടിയിലായത്. കഴിഞ്ഞ ഒന്നരമാസമായി മിഥുൻ ഡാൻസാഫിന്റെ നിരീക്ഷണത്തിലാണ്. ഇയാളുടെ മൊബൈൽ ടവർ ലൊക്കേഷനടക്കം പൊലീസ് നിരന്തരം നിരീക്ഷിച്ചിരുന്നു. കഴിഞ്ഞ ദിവസം പ്രതി ബംഗളൂരുവിലേക്ക് പോയന്ന വിവരം ലഭിച്ചത് മുതൽ ഇയാൾക്കായി പൊലീസ് വല വിരിച്ച് കാത്തിരിക്കുകയായിരുന്നു. ബംഗളൂരൂവിൽ നിന്ന് സ്വകാര്യ ബസിലാണ് മിഥുൻ പത്തനംതിട്ടയിലേക്ക് എത്തിയത്. റാന്നി മുതൽ ഡാൻസാഫ് ടീം ബസിനെ പിന്തുടർന്നു. മൈലപ്ര പള്ളിപ്പടിയിൽ ഇയാൾ ഇറങ്ങിയ ഉടൻ പൊലീസ് പിടികൂടി. ആദ്യം പ്രതി പൊലീസിനോട് തട്ടിക്കയറുകയും ബഹളം വയ്ക്കുകയും ചെയ്തു. ചോദ്യം ചെയ്യലിനോടും സഹകരിച്ചില്ല. ഒടുവിൽ പിടിമുറുകിയെന്നുറപ്പായതോടെ എംഡിഎംഎ കയ്യിലുണ്ടെന്ന് സമ്മതിച്ചു. തുടർന്ന് നടത്തിയ പരിശോധനയിൽ ബാഗിലുണ്ടായിരുന്ന ബ്രഡ് പായ്ക്കറ്റിനുള്ളിൽ ചെറിയ കവറുകളിലൊളിപ്പിച്ച 9.61 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. നാർക്കോട്ടിക് ഡിവൈഎസ്പി കെ എ വിദ്യാധരന്റെയും പത്തനംതിട്ട ഡിവൈഎസ്പി എസ് നന്ദകുമാറിന്റെയും നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
സ്കൂൾ കോളേജ് വിദ്യാർത്ഥികളെ കേന്ദ്രീകരിച്ചാണ് എംഡിഎംഎ വിൽപ്പന നടത്തിയിരുന്നതെന്ന് പ്രതി മൊഴി നൽകി. അവധിക്കാലമായതോടെ കൂടുതൽ വിൽപ്പനയാണ് മിഥുനും സംഘവും ലക്ഷ്യമിട്ടിരുന്നത്. ഇയാൾക്കൊപ്പമുള്ള മറ്റുള്ളവർക്കായി പൊലീസ് തെരച്ചിൽ തുടങ്ങി.