ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം പിൻവലിച്ച് റോഡിൽ വലിച്ചെറിഞ്ഞ് യുവാവ്‍. അമേരിക്കയിലെ ഒറിഗോൺ സ്വദേശിയായ കോളിൻ ഡേവിസ് മക്കാർത്തി എന്ന 38 -കാരന്റെ പ്രവൃത്തിയിൽ അമ്പരന്ന് നിൽക്കുകയാണ് ഇപ്പോൾ വീട്ടുകാർ. 200,000 ഡോളർ ആണ് ഇയാൾ കാറിന്റെ വിൻഡോയിലൂടെ യുഎസിലെ തിരക്കേറിയ ഒരു ഹൈവേയിലേക്ക് വലിച്ചെറിഞ്ഞത്. 1.6 കോടിയോളം ഇന്ത്യൻ രൂപ വരുമിത്. അളുകളെ പണം നൽകി അനുഗ്രഹിക്കാനാണ് താൻ ഇങ്ങനെ ചെയ്തത് എന്നാണ് ഇയാളുടെ വിചിത്രമായ വാദം.
കൺമുന്നിൽ പണം വന്ന് വീഴുന്നത് കണ്ടാൽ പെറുക്കിയെടുക്കാത്ത ആരെങ്കിലും കാണുമോ? അതുപോലെ, കോളിൻ കാറിൽ നിന്ന് പണം പുറത്തേക്ക് വലിച്ചെറിഞ്ഞ ഉടൻ തന്നെ ആ സമയം റോഡിലുണ്ടായിരുന്ന ആളുകൾ അത് സ്വന്തമാക്കി. ഏപ്രിൽ 11 -ന് രാത്രി 7.20 ന് യൂജിൻ നഗരത്തിൽ വെച്ചാണ് ഇയാൾ പണം പുറത്തേക്ക് വലിച്ചെറിഞ്ഞത്. വഴിയരികിൽ പണം നിരന്നതോടെ അത് സ്വന്തമാക്കാൻ ആളുകളുടെ വലിയ തിരക്കാണ് അനുഭവപ്പെട്ടത് എന്നാണ് സംഭവത്തെക്കുറിച്ച് ഒറിഗൺ സ്റ്റേറ്റ് പൊലീസ് പറയുന്നത്.
കോളിന്റെ വിചിത്രമായ പെരുമാറ്റത്തെത്തുടർന്ന് ഇയാളുടെ കുടുംബാഗങ്ങൾ പരാതിയുമായി പൊലീസിനെ സമീപിച്ചെങ്കിലും കേസെടുക്കാൻ കഴിയില്ല എന്നാണത്രെ ഒറിഗൺ സ്റ്റേറ്റ് പൊലീസ് ഓഫീസർ ജിം ആൻഡ്രൂസ് പറഞ്ഞത്. മറ്റുള്ളവരെ അനുഗ്രഹിക്കാനും സന്തോഷിപ്പിക്കാനും വേണ്ടിയാണ് താൻ ഇങ്ങനെ പണം വലിച്ചെറിഞ്ഞത് എന്നാണ് കോളിന്റെ വാദം. എന്നാൽ, പണം കിട്ടിയവർ ദയവ് ചെയ്ത് അത് ഒറിഗൺ സ്റ്റേറ്റ് പൊലീസിൽ എൽപ്പിക്കാൻ തയ്യാറാകണം എന്ന ആവശ്യവുമായി ഇയാളുടെ കുടുംബം രംഗത്തെത്തിയിട്ടുണ്ട്. അല്ലാത്തപക്ഷം തങ്ങളുടെ കുടുംബം തകർന്നുപോകുമെന്നാണ് ഇവർ പറയുന്നത്.