വാഷിംഗ്ടണ്‍ ഡിസി: ബൂസ്റ്റര്‍ പ്രഷറൈസേഷന്‍ സിസ്റ്റത്തിലെ വാല്‍വിലെ തകരാറിനെ തുടര്‍ന്ന് സ്‌പേസ് എക്‌സ് സ്റ്റാര്‍ഷിപ്പിന്‍റെ വിക്ഷേപണം മാറ്റിവച്ചു.തിങ്കളാഴ്ച വൈകിട്ട് അഞ്ചിനും ഏഴിനുമിടയ്ക്ക് യുഎസിലെ ടെക്‌സസില്‍ നിന്ന് വിക്ഷേപിക്കാനായിരുന്നു പദ്ധതിയിട്ടിരുന്നത്. ചന്ദ്രനിലേക്കും ചൊവ്വയിലേക്കും അതിനപ്പുറത്തേക്കും ബഹിരാകാശയാത്രികരെ അയയ്‌ക്കാന്‍ രൂപകല്‍പ്പന ചെയ്‌തിട്ടുള്ള ഇതുവരെ നിര്‍മിച്ചതില്‍ വച്ച് ഏറ്റവും ശക്തമായ റോക്കറ്റാണ് സ്റ്റാര്‍ഷിപ്പ്. പൂര്‍ണമായി സ്റ്റെയിന്‍ലെസ് സ്റ്റീലിലാണ് ഇത് നിര്‍മിച്ചത്. നൂറു പേരെ വഹിക്കാവുന്ന പേടകത്തിന്‍റെ വാഹകശേഷി 150 മെട്രിക് ടണ്‍ ആണ്.
വിക്ഷേപണം കുറഞ്ഞത് 48 മണിക്കൂറെങ്കിലും വൈകുമെന്ന് സ്‌പേസ് എക്‌സ് അറിയിച്ചു. എന്‍ജിനിലേക്ക് തീ പകരുന്നതിന് 10 സെക്കന്‍ഡ് മുന്‍പായാണ് പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചതെന്നാണ് റിപ്പോര്‍ട്ട്. തകരാര്‍ പരിഹരിച്ച് വിക്ഷേപണത്തിന് വീണ്ടും ശ്രമിക്കുമെന്ന് സ്‌പേസ് എക്‌സ് സ്ഥാപകന്‍ ഇലോണ്‍ മസ്‌ക് ട്വീറ്റ് ചെയ്തു.