കരമന: തിരുവനന്തപുരം കരമനയിലെ കൂടം തറവാട്. അവിടെ പല സമയങ്ങളിലായി നടന്നത് 7 മരണങ്ങള്‍. ഈ മരണങ്ങളിലെ ദുരൂഹത ഇന്നും ബാക്കിയാണ്. തറവാട്ടിലെ അവസാന കണ്ണിയായ ജയമാധവൻ നായരുടെ മരണത്തിൽ കാര്യസ്ഥനായ രവീന്ദ്രൻ നായരുടെ പങ്കിനെ കുറിച്ച് പല സംശയങ്ങൾ ഉയർന്നിട്ടും അന്വേഷണം ഒന്നുമായില്ല. കോടിക്കണക്കിന് സ്വത്തുക്കളുണ്ടായിരുന്ന കൂടം വീട്ടിലെ ദുരൂഹ മരണങ്ങളിലെ രഹസ്യങ്ങൾ ചുരുളഴിയാതെ തുടരുകയാണ്.
കൂടത്തായി കൂട്ടക്കൊലക്ക് പിന്നാലെയാണ് കൂടത്തിൽ തറവാട്ടിലെ ദൂരൂഹമരണങ്ങള്‍ ചർച്ചയായത്. കൂടത്തിൽ വീട്ടിലെ ഏഴു പേർ പല കാലങ്ങളായി ദുരൂഹ സാഹചര്യത്തിൽ മരിക്കുന്നു. കുടുംബത്തിലെ അവസാന കണ്ണിയും കുടുംബ സ്വത്തുക്കളുടെ ഏക അവകാശിയുമായ ജയമാധവൻ നായർ 63മത്തെ വയസ്സിൽ കല്യാണം കഴിക്കാൻ തീരുമാനിച്ചു. വിവാഹ ആലോചന നടന്നു വരുന്നതിനിടെയാണ് ജയമാധവൻ നായർ മരിക്കുന്നത്. പുറംലോകവുമായി അധികം ബന്ധമില്ലാതിരുന്ന ജയമാധവൻ നായരുടെ എല്ലാ കാര്യങ്ങളും നിയന്ത്രിച്ചിരുന്നത് കോടതി ജീവനക്കാരനായിരുന്ന രവീന്ദ്രൻ നായര്‍.കട്ടിലിൽ നിന്ന് നിലത്തു വീണു കിടന്ന ജയമാധവൻ നായരെ ഓട്ടോ പിടിട്ട് മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചതും രവീന്ദ്രൻ നായര്‍. ആശുപത്രിയിലേക്കെത്തും മുൻപേ ജയമോഹൻ നായര് മരിച്ചെന്നാണ് രവീന്ദ്രന്റെ മൊഴി. ആ ഓട്ടോ ഡ്രൈവറെ അന്വേഷിച്ച് പൊലീസ് എത്തിയപ്പോൾ പക്ഷെ കഥമാറി. ഓട്ടോയിൽ കൊണ്ടുപോയതായി മൊഴി നൽകാൻ രവീന്ദ്രൻ നായർ 5 ലക്ഷം വാഗ്ദാനം ചെയ്തെന്നാണ് ഓട്ടോ ഡ്രൈവറുടെ വെളിപ്പെടുത്തിയത്. പരിക്കേറ്റ് മണിക്കൂറുകൾ കഴിഞ്ഞാണ് ജയമാധവൻ നായരെ ആശുപത്രിയിലെത്തിച്ചത് എന്ന് കൂടി തെളിഞ്ഞതോടെ കേസിൽ ദുരൂഹതയും ഏറുകയാണ്.
ഏത് വാഹനത്തിലാണ് ജയമാധവൻ നായരെ ആശുപത്രിയിലെത്തിച്ചത്? തലക്കേറ്റ ക്ഷതമാണ് മരണകാരണമെന്ന് ഫോറൻസിക് റിപ്പോര്‍ട്ട് പറയുന്നു, ആരാണ് തലക്കടിച്ചത്? പരിക്കേറ്റ ജയമാധവന്‍ നായരെ അടുത്തുള്ള ആശുപത്രി ഒഴിവാക്കി എന്തിന് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി?
മരണാനന്തരം സ്വത്തുക്കളുടെ അവകാശം രവീന്ദ്രനായിരിക്കുമെന്ന ജയമാധവൻ നായരുടെ വിൽപ്പത്രവും വ്യാജമെന്ന് പൊലീസ് കണ്ടെത്തി. ഇങ്ങനൊരു വിൽപത്രത്തിൽ ഒപ്പിട്ടിട്ടില്ലെന്നാണ് സാക്ഷികളുടെ മൊഴി. ജയമാധവൻനായർ വിവാഹം കഴിച്ചാൽ സ്വത്തുക്കൾ കൈവിട്ടുപോകുമെന്ന പേടിയാണ് കൊലപാതകത്തിന് പിന്നിലെന്ന് സംശയിക്കാവുന്ന സാഹചര്യ തെളിവുകളെല്ലാം പൊലീസിനുണ്ട്. പക്ഷെ കേസിൽ രവീന്ദ്രൻനായരെ അറസ്റ്റ് ചെയ്യണമെങ്കിൽ ഇനിയും വിവരങ്ങൾ വേണമെന്നാണ് പൊലീസ് വിശദീകരണം.