വിവാഹാഭ്യര്‍ത്ഥനയും വിവവാഹവുമെല്ലാം മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തമായ തരത്തില്‍ ആഘോഷിക്കുന്നതാകും ചിലരുടെ ഇഷ്ടം. കടലില്‍ അടിയില്‍ വച്ചു. പര്‍വ്വതങ്ങളുടെ മുകളില്‍ വച്ചും ആകാശത്ത് വച്ചും ഇങ്ങനെ വിവാഹം കഴിക്കുന്നവരുണ്ട്. എന്നാല്‍, ഇത് ലോകത്തിലെ ഏറ്റവും ഭീതി നിറഞ്ഞ വിവാഹാലോചനയാണെന്നാണ് സാമൂഹിക മാധ്യമങ്ങളില്‍ ചിലര്‍ എഴുതിയത്. ആ വിവാദമായ വിവാഹാലോചനയുടെ കഥ ഇങ്ങനെ യായിരുന്നു.
താലിയ എന്ന ഓസ്ട്രേലിയന്‍ യുവതി ഏപ്രില്‍ ആദ്യം ഒരു വീഡിയോ തന്‍റെ സാമൂഹിക മാധ്യമത്തില്‍ പ്രസിദ്ധപ്പെട്ടുത്തി. വീഡിയോയുടെ താഴെ അവര്‍ ഇങ്ങനെ എഴുതി. എന്റെ സഹോദരൻ ലെബനനിൽ എങ്ങനെ വിവാഹാഭ്യർത്ഥന നടത്താൻ തീരുമാനിച്ചു’ എന്ന്. വീഡിയോയില്‍ രാജ്യത്തിന്റെ വടക്ക്-പടിഞ്ഞാറ് ഭാഗത്ത് അൻഫെയ്‌ക്ക് സമീപം നിര്‍ത്തിയിട്ട കാറില്‍ തഹ്ലിയയുടെ സഹോദരന്‍ ആദമിന്‍റെ കാമുകിയും അമ്മായിയും പിന്‍സീറ്റില്‍ ഇരുന്ന് കാപ്പി കുടിക്കുന്നതോടെയാണ് വീഡിയോ തുടങ്ങുന്നത്. സ്ത്രീകള്‍ അടക്കമുളള മൂന്നാല് പേര്‍ വന്ന് ആദമിന്‍റെ കമുകി വനേസയ്ക്ക് നേരെ തോക്ക് ചൂണ്ടി പുറത്തേക്ക് ഇറങ്ങാന്‍ ആവശ്യപ്പെടുന്നു.
‘ഞാൻ അവരുടെ കൂടെ പോകുന്നില്ല. അവർക്ക് എന്ത് വേണമെങ്കിലും കൊടുക്കാം. ഞാന്‍ പോകില്ല, ദയവായി പറയൂ’ എന്ന് നിലവിളിക്കുന്നത് കേള്‍ക്കാം. ഈ സമയം മറ്റുള്ളവര്‍ നിശബ്ദരും ഭയചകിതരുമായിരുന്നു. അക്രമികള്‍ വനേസയെ കാറില്‍ നിന്നും ഇറക്കി , മറ്റൊരു കാറില്‍ കയറ്റി കണ്ണുകെട്ട് ഓടിച്ച് പോകുന്നു. പിന്നീട് ഒരു സ്ത്രീ കണ്ണുകെട്ടിയ നിലയില്‍ വനേസയെ പിടിച്ച് കൊണ്ട് വരുന്നതാണ് വീഡിയോയില്‍ ഉള്ളത്. ഇതിനിടെ വനേസ എന്താണ് സംഭവിക്കുന്നത് എന്ന് ചോദിക്കുന്നത് കേള്‍ക്കാം. ഇതിനിടെ മറ്റൊരാള്‍ വനേസയുടെ കണ്ണിലെ കെട്ട് അഴിക്കുന്നു. ഈ സമയം സമുദ്രതീരത്ത് അസ്തമയ സൂര്യനെ സാക്ഷിയായി വനേയുടെ കാമുകന്‍ ആദം ഒരു കെട്ട് പൂക്കളുമായി അവളെ കാത്ത് നില്‍ക്കുകയായിരുന്നു. തുടര്‍ന്ന് അയാള്‍ വനേസയ്ക്ക് മുന്നില്‍ മുട്ട് കുത്തി തന്നെ വിവാഹം കഴിക്കുമോയെന്ന് ചോദിക്കുന്നു. ഇതിനിടെ പരമ്പരാഗത വാദ്യോപകരണങ്ങളുടെ ശബ്ദവും പാശ്ചാത്തലത്തില്‍ കേള്‍ക്കാം.
‘നീ തമാശ പറയുകയാണ്!’ എന്ന് വനേസ പറയുന്നതിനിടെ ആദം തന്‍റെ വിവാഹ മോതിരം അവളെ അണിയിപ്പിക്കുന്നു. ഇതിനിടെ വാദ്യസംഘവും നര്‍ത്തകിയും നവവരനും വധുവിനും ചുറ്റും നൃത്തം ചെയ്യുന്നു. ഇതിനിടെ വനേസയെ ആദം ആലിംഗനം ചെയ്യുന്നതോടെ വീഡിയോ അവസാനിക്കുന്നു.താലിയ വീഡിയോ ടിക്ടോക്കില്‍ പ്രസിദ്ധപ്പെടുത്തിയതിന് പിന്നാലെ അനുകൂലിച്ചും പ്രതികൂലിച്ചും ആളുകള്‍ രംഗത്തെത്തി. വനേസയുടെ കുടുംബം ലെബനനിലാണ് താമസം. അവിടെ വച്ച് തന്നെ വിവാഹ നിശ്ചയം വേണമെന്നത് അവളുടെ ആഗ്രഹമായിരുന്നു. എന്നാല്‍ വനേസയെ ഭയപ്പെടുത്തുന്നതരത്തിലാകും തന്‍റെ വിവാഹാഭ്യര്‍ത്ഥനയെന്ന് ആദം എപ്പോഴും പറയാറുണ്ടെന്നും ഇത് ആസൂത്രണം ചെയ്യാന്‍ മൂന്ന് മാസം എടുത്തതായും താലിയ എഴുതി. എന്നാല്‍ ടിക് ടോക്കില്‍ ചിലര്‍ അവളെ ഇത്തരത്തില് ഭയപ്പെടുത്തിയത് ശരിയായില്ലെന്നും അവള്‍ ആ അഭ്യര്‍ത്ഥ നിരസിക്കണമായിരുന്നുവെന്നും എഴുതി. മറ്റ് ചിലര്‍ അതിനെ തമാശയായി കണ്ടു. ഇനി ഇതായിരിക്കും അടുത്ത ട്രന്‍റ് എന്നായിരുന്നു ഒരാള്‍ എഴുതിയത്.