വാഷിംഗ്‌ടണ്‍ : യു.എസിനെ പ്രതിരോധത്തിലാക്കിയ പെന്റഗണ്‍ ഇന്റലിജന്‍സ് ചോര്‍ച്ചയ്ക്ക് പിന്നില്‍ യു.എസ് മിലിട്ടറി ബേസില്‍ ജോലി ചെയ്തിരുന്ന 20നും 30നും ഇടയില്‍ പ്രായമുള്ളയാളാണെന്ന് റിപ്പോര്‍ട്ട്.ഒരു അമേരിക്കന്‍ മാദ്ധ്യമമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ യു.എസ് ഉദ്യോഗസ്ഥര്‍ ഇതിനോട് പ്രതികരിച്ചിട്ടില്ല.
ഏതാനും ദിവസങ്ങള്‍ക്ക് മുമ്ബാണ് യു.എസിന്റെ ഇന്റലിജന്‍സ് വിവരങ്ങള്‍ എന്ന പേരില്‍ ട്വിറ്ററിലും ടെലിഗ്രാമിലും രഹസ്യ രേഖകള്‍ പ്രത്യക്ഷപ്പെട്ടത്. യുക്രെയിനിലെ പോരാട്ടവുമായി ബന്ധപ്പെട്ട ഒട്ടേറെ അതീവ രഹസ്യമായ സൈനിക നീക്കങ്ങള്‍ പോലും ചോര്‍ന്ന രേഖകളിലൂടെ പുറത്തായി.
അമേരിക്കന്‍ മാദ്ധ്യമത്തിന്റെ റിപ്പോര്‍ട്ട് പ്രകാരം ചോര്‍ച്ചയുടെ പിന്നിലുള്ളയാള്‍ ഇന്‍സ്റ്റന്റ് മെസേജിംഗ് പ്ലാറ്റ്ഫോമായ ഡിസ്കോര്‍ഡില്‍ സുഹൃത്തുക്കളുമായി ചേര്‍ന്ന് രൂപീകരിച്ച ചാറ്റ്‌റൂമിലൂടെയാണ് വിവരങ്ങള്‍ പുറത്തുവിട്ടത്. ‘ ഒ ജി ” എന്ന പേരിലാണ് ഇയാള്‍ ചാറ്റ്‌ഗ്രൂപ്പില്‍ സജീവമായിരുന്നത്. ഇയാള്‍ക്ക് ആയുധ പരിശീലനവും മറ്റും ലഭിച്ചിട്ടുണ്ടെന്നാണ് സൂചന.
അതേ സമയം, ഓണ്‍ലൈനില്‍ പ്രത്യക്ഷപ്പെട്ട രേഖകളുടെ ഉറവിടം കണ്ടെത്താന്‍ യു.എസ് ഉദ്യോഗസ്ഥര്‍ ക്രിമിനല്‍ അന്വേഷണത്തിലാണ്. ഈ ഇന്റലിജന്‍സ് ചോര്‍ച്ചയുടെ ആധികാരികത സ്ഥിരീകരിച്ചിട്ടില്ല. ചോര്‍ന്ന ചില ഇന്റലിജന്‍സ് രേഖകള്‍ ആധികാരികമാണെന്നും എന്നാല്‍ അവയില്‍ ചില കൃത്രിമത്വം സൃഷ്ടിച്ചിട്ടുണ്ടെന്നും കരുതുന്നുണ്ട്. യുക്രെയിന്‍ അധിനിവേശവുമായി ബന്ധപ്പെട്ട് യു.എന്‍ സെക്രട്ടറി ജനറല്‍ ആന്റണിയോ ഗുട്ടെറെസിനെയും യു.എസ് രഹസ്യമായി നിരീക്ഷിച്ചിരുന്നതായി രേഖകളില്‍ ആരോപിക്കുന്നു. ഇസ്രയേല്‍, ദക്ഷിണ കൊറിയ തുടങ്ങിയ സഖ്യകക്ഷികള്‍ക്ക് മേല്‍ യു.എസ് നടത്തുന്ന രഹസ്യ നിരീക്ഷണങ്ങളും രേഖകളില്‍ പ്രതിപാദിക്കുന്നുണ്ടെന്ന് കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നിരുന്നു. അതീവ രഹസ്യരേഖകള്‍ ചോര്‍ന്നത് വളരെ ഗുരുതരമായ പ്രശ്നമാണെന്നും അമേരിക്കയുടെ സുരക്ഷയ്ക്ക് ഭീഷണിയാവുമെന്നും പെന്റഗണ്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.