കൊളംബോ : ചൈനയുടെ ധനസഹായത്തോടെ പ്രവര്‍ത്തിക്കുന്ന നൊറോച്ചോലയിലെ കല്‍ക്കരി പവര്‍ പ്ലാന്റില്‍ നിന്നുള്ള വിഷാംശം ലോകത്തിലെ ഏറ്റവും പഴക്കമുള്ള ശ്രീ മഹാബോധി വൃക്ഷത്തിന് ഭീഷണിയാകുന്നു .
വൈദ്യുത നിലയത്തില്‍ നിന്നുള്ള അമ്ല മേഘങ്ങള്‍ മഹാബോധി വൃക്ഷം സ്ഥിതി ചെയ്യുന്ന അനുരാധപുരത്തേക്ക് നീങ്ങുന്നുവെന്ന് പ്രദേശം പരിശോധിച്ച പരിസ്ഥിതി ശാസ്ത്രജ്ഞര്‍ പറഞ്ഞു.വൈദ്യുത നിലയത്തിന് ചുറ്റുമുള്ള മരങ്ങളില്‍ അതിന്റെ ലക്ഷണങ്ങള്‍ ഇതിനകം ദൃശ്യമാണ്. വിഷവാതകം മൂലം ഉയരം കൂടിയ ചില മരങ്ങളുടെ ഇലകള്‍ മഞ്ഞനിറമായിട്ടുണ്ട്. ഈ പ്രദേശത്ത് താമസിക്കുന്ന നിരവധി കുട്ടികള്‍ക്ക് മാറാത്ത ത്വക്ക് രോഗങ്ങളും ബാധിച്ചിട്ടുണ്ട്.
ശ്രീലങ്കയിലെ ഏറ്റവും വലിയ താപവൈദ്യുത നിലയമാണ് നൊറോച്ചോല പ്ലാന്റ്. 900 മെഗാവാട്ട് ശേഷിയുള്ള ഈ പ്ലാന്റില്‍ നിന്നുള്ള ഉദ്വമനം നിശ്ചിത നിലവാരത്തേക്കാള്‍ കൂടുതലാണെന്നാണ് റിപ്പോര്‍ട്ട്. പ്ലാന്റില്‍ പലപ്പോഴും തകരാര്‍ ഉണ്ടാകാറുണ്ട്. ഫ്ലൈ ആഷ് തുറന്ന കുഴികളിലാണ് സൂക്ഷിക്കുന്നത് . ഇവ പവര്‍ പ്ലാന്റുകളില്‍ നിന്നുള്ള ഉപോല്‍പ്പന്നങ്ങളാണ്.തുറസ്സായ കുഴികളില്‍ കെട്ടിക്കിടക്കുന്നതിനാല്‍ കാറ്റിനൊപ്പം പരിസര പ്രദേശങ്ങളിലേക്കും ഇത് എത്തുന്നത് നിരവധി കുട്ടികളില്‍ ത്വക്ക് സംബന്ധമായ രോഗങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. ഇതുകൂടാതെ, വൈദ്യുത നിലയത്തില്‍ നിന്ന് പുറത്തുവരുന്ന ചൂടുവെള്ളം മൂലം ഖര, ചൂട്, ജല മാലിന്യങ്ങള്‍ എന്നിവയും വലിയ അളവില്‍ വര്‍ദ്ധിക്കുകയും ഇത് പരിസ്ഥിതിയെ ദോഷകരമായി ബാധിക്കുകയും ചെയ്യുന്നു. ഈ അമ്ലാവസ്ഥ ക്രമേണ സമുദ്രമേഖലയിലേക്കും നീങ്ങുകയാണ്.
എഴുതപ്പെട്ട ചരിത്രമുള്ള ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന വൃക്ഷമാണ് മഹാബോധി വൃക്ഷം. ഇന്ത്യയിലെ ഗയയിലെ വിശുദ്ധ ബോധിവൃക്ഷത്തിന്റെ ഒരു ശാഖയില്‍ നിന്നുള്ളതാണ് ഈ മഹാബോധി വൃക്ഷം . ഈ വൃക്ഷം ബുദ്ധമതക്കാര്‍ക്ക് വളരെ സവിശേഷമായി കണക്കാക്കപ്പെടുന്നു. അവര്‍ എല്ലാ വര്‍ഷവും അത് സന്ദര്‍ശിച്ച് പുണ്യവൃക്ഷത്തിന് അഞ്ജലി അര്‍പ്പിക്കുന്നു.