കോഴിക്കോട് : പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ട് പോയ സംഭവത്തിൽ രണ്ട് പേരെ കസ്റ്റഡിയിലെടുത്തു. താമരശേരി പൊലീസാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഇവരെ വിശദമായി ചോദ്യം ചെയ്യുമെന്ന് താമരശ്ശേരി പൊലീസ് അറിയിച്ചു. പരപ്പൻപൊയിൽ സ്വദേശി ഷാഫി എന്ന വ്യവസായിയെയും ഭാര്യയെയുമാണ് വീട്ടിന് മുന്നിൽ നിന്ന് പിടിച്ചുകൊണ്ടുപോയത്. തുടർന്ന് ഭാര്യയെ വഴിയിലുപേക്ഷിച്ചു. തന്നെ ചിലർ ഭീഷണിപ്പെടുത്തുന്നതായി കാണിച്ച് താമരശ്ശേരി പൊലീസിൽ നേരത്തേ ഷാഫി പരാതി നൽകിയിരുന്നു. ഇതിൻറെ അടിസ്ഥാനത്തിൽ കൊടുവള്ളി സ്വദേശിയായ സാലി എന്നയാൾക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു. ഇയാൾ ഇപ്പോൾ വിദേശത്താണ്. തട്ടിക്കൊണ്ടുപോകാൻ സംഭവത്തിന് ഇയാളമായി ബന്ധമുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുകയാണ്. നേരത്തെ ഭീഷണിപ്പെടുത്തിയ കേസിലെ ആളുകളെയാണ് ഇപ്പോൾ കസ്റ്റഡിയിലെടുത്തിരിക്കുന്നത്.
ഭാര്യ സെനിയയെ വഴിയിൽ വെച്ച് ഇറക്കിവിട്ടു. പിടിവലിക്കിടെ സെനിയക്ക് പരിക്കേറ്റു. ഇവർ ആശുപത്രിയിൽ ചികിത്സ തേടി. ഇന്നലെ രാത്രി പത്ത് മണിക്ക് ശേഷമാണ് സംഭവം നടന്നത്. ഷാഫിയുടെയും സെനിയയുടെയും വീട്ടിലെത്തിയാണ് അക്രമി സംഘം ഇരുവരെയും തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. അക്രമികൾ മുഖം മറച്ചിരുന്നുവെന്നാണ് സെനിയ നൽകിയിരിക്കുന്ന മൊഴി. വിദേശത്ത് ബിസിനസുകാരനായിരുന്നു ഷാഫി. പണമിടപാടുമായി ബന്ധപ്പെട്ട തർക്കമാണ് ഷാഫിയെ തട്ടിക്കൊണ്ടുപോകാൻ കാരണമെന്നാണ് വിവരം. കാറിലെത്തിയ നാലംഗ സംഘമാണ് ഇരുവരെയും തട്ടിക്കൊണ്ടുപോയത്.