ന്യൂയോര്‍ക്ക് : ഫെബ്രുവരിയില്‍ യു.എസിന് മുകളിലൂടെ പറന്ന ചൈനീസ് ചാരബലൂണ്‍ വീണ്ടും വിവാദത്തില്‍.
ബലൂണ്‍ നിരവധി യു.എസ് മിലിട്ടറി കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ചോര്‍ത്തി യഥാസമയം ചൈനയ്ക്ക് കൈമാറിയെന്ന് ഒരു അമേരിക്കന്‍ മാദ്ധ്യമം റിപ്പോര്‍ട്ട് ചെയ്തു. ചില കേന്ദ്രങ്ങള്‍ക്ക് മുകളിലൂടെ ബലൂണ്‍ ഒന്നിലേറെ തവണ പറന്നെന്നും ഏതാനും ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റിപ്പോര്‍ട്ടില്‍ പറയുന്നു.
ബലൂണ്‍ ശേഖരിച്ച രഹസ്യ വിവരങ്ങള്‍ ചിത്രങ്ങള്‍ക്ക് പകരം കൂടുതലും ഇലക്‌ട്രോണിക് സിഗ്നലുകളില്‍ നിന്നുള്ളതാണ്. ഇത് ആയുധ സംവിധാനങ്ങളില്‍ നിന്നോ അല്ലെങ്കില്‍ സൈനിക ബേസുകളില്‍ ഉദ്യോഗസ്ഥരുടെ ആശയവിനിമയങ്ങളില്‍ നിന്നോ ആകാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേ സമയം, യു.എസോ ചൈനയോ വാര്‍ത്തയോട് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
യു.എസ് വ്യോമപരിധിയില്‍ പ്രത്യക്ഷപ്പെട്ട ചൈനീസ് ചാര ബലൂണ്‍ കമ്മ്യൂണിക്കേഷന്‍ സിഗ്നലുകള്‍ പിടിച്ചെടുക്കാന്‍ കഴിയുന്നതായിരുന്നെന്നും രഹസ്യവിവരങ്ങള്‍ ശേഖരിക്കാന്‍ കഴിവുള്ള ഒന്നിലേറെ ആന്റിനകള്‍ ഘടിപ്പിച്ചിരുന്നെന്നും യു.എസ് മുമ്ബ് വ്യക്തമാക്കിയിരുന്നു. എന്നാല്‍, ബലൂണ്‍ നിരീക്ഷണത്തിനുള്ളതെല്ലെന്നും കാലാവസ്ഥ സംബന്ധമായിരുന്നെന്നും ദിശ മാറി യു.എസിലെത്തിയതാണെന്നുമാണ് ചൈനയുടെ വാദം.
ജനുവരി 28ന് യു.എസ് വ്യോമപരിധിയില്‍ പ്രത്യക്ഷപ്പെട്ട ബലൂണിനെ ഫെബ്രുവരി 4ന് പ്രസിഡന്റ് ജോ ബൈഡന്റെ ഉത്തരവ് പ്രകാരം സൈന്യം സൗത്ത് കാരലൈന തീരത്ത് അറ്റ്‌ലാന്‍ഡിക് സമുദ്രത്തില്‍ വെടിവച്ച് വീഴ്ത്തിയിരുന്നു. കടലില്‍ നിന്ന് ശേഖരിച്ച ബലൂണ്‍ അവശിഷ്ടങ്ങളില്‍ പരിശോധനയ്ക്കായി എഫ്.ബി.ഐ കേന്ദ്രത്തിലേക്ക് മാറ്റി.
അതേ സമയം, ചാര ബലൂണിന് പിന്നാലെ ഫെബ്രുവരി 11, 12, 13 തീയതികളില്‍ യഥാക്രമം അലാസ്ക, കാനഡയിലെ യൂകോണ്‍, മിഷിഗണിലെ ഹ്യൂറണ്‍ തടാകം എന്നിവിടങ്ങളിലെ ആകാശത്ത് പ്രത്യക്ഷപ്പെട്ട മൂന്ന് അജ്ഞാത ആകാശ വസ്തുക്കളെ യു.എസ് വെടിവച്ചിട്ടിരുന്നു. എന്നാല്‍, ഈ മൂന്ന് അജ്ഞാത പേടകങ്ങള്‍ക്കും ചൈനയുടെ ചാര ബലൂണ്‍ പദ്ധതിയുമായി ബന്ധമില്ലെന്ന് ജോ ബൈഡന്‍ വ്യക്തമാക്കിയിരുന്നു.