മോസ്കോ: റഷ്യയുടെ യുക്രെയ്ന്‍ അധിനിവേശത്തെ പിന്തുണയ്ക്കുന്ന വ്ലോഗുകള്‍ നിര്‍മിച്ചിരുന്ന വ്ലാഡ്ലന്‍ ടടാര്‍സ്കി(മാക്സിം ഫോമിന്‍) എന്ന യുവാവ് ബോംബ് സ്ഫോടനത്തില്‍ കൊല്ലപ്പെട്ടു.
സെന്‍റ് പീറ്റേഴ്സ്ബെര്‍ഗിലെ കഫേയില്‍ ഞായറാഴ്ച നടന്ന സ്ഫോടനത്തില്‍ 25 പേര്‍ക്ക് പരിക്കേറ്റിരുന്നു. റഷ്യന്‍ പ്രസിഡന്‍റ് വ്ലാദിമിര്‍ പുടിന്‍റെ വിശ്വസ്തനും വാഗ്നര്‍ കൂലിപടയാളി സംഘത്തിന്‍റെ തലവനുമായ യെവ്നെയ് പ്രിഗോഴിന്‍റെ ഉടമസ്ഥതയില്‍ ഉണ്ടായിരുന്ന സ്ഥാപനത്തിലാണ് സ്ഫോടനം നടന്നതെന്നത് ശ്രദ്ധേയമാണ്. സ്ട്രീറ്റ് ഫുഡ് ബാര്‍ നംബര്‍ 1 എന്ന കഫേയില്‍ ആരാധകരുമായി സംവദിക്കുന്ന പരിപാടിക്കായി എത്തിയ വേളയിലാണ് ടടാര്‍സ്കി ആക്രമിക്കപ്പെട്ടത്. ആരാധിക എന്ന വ്യാജേന ടടാര്‍സ്കിയുടെ അടുത്തെത്തിയ ഒരു യുവതി നല്‍കിയ ശില്‍പം പൊട്ടിത്തെറിക്കുകയായിരുന്നു. യുക്രെയ്ന്‍ യുദ്ധത്തെപ്പറ്റിയുള്ള വാര്‍ത്തകള്‍ ടെലഗ്രാമിലൂടെ പങ്കുവയ്ക്കുന്ന ടടാര്‍സ്കി ലക്ഷക്കണക്കിന് ഫോളോവേഴ്സുള്ള വ്ലോഗറാണ്. യുദ്ധത്തെ പിന്തുണയ്ക്കുമെങ്കിലും റഷ്യന്‍ യുദ്ധതന്ത്രങ്ങളിലെ പാളിച്ചകളെ വീഡിയോകളിലൂടെ ടടാര്‍സ്കി വിമര്‍ശിച്ചിരുന്നു.