കൊച്ചി: ഗ്രൌണ്ടിലെ മോശം പെരുമാറ്റത്തിന് ഒടുവില്‍ മാപ്പ് പറഞ്ഞ് ആശാനും പിള്ളേരും. വന്‍ തുക പിഴ ശിക്ഷയും വിലക്കിന്‍റെ വാളും അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്‍ എടുത്തതിന് പിന്നാലെയാണ് കേരള ബ്ലാസ്റ്റേഴ്സ് മാപ്പ് പറയാന്‍ തയ്യാറായത്. ഐഎസ്എല്‍ പ്ലേ ഓഫില്‍ ബെംഗളൂരു എഫ്സിക്കെതിരായ മത്സരം പൂര്‍ത്തിയാക്കാതെ ഗ്രൗണ്ട് വിട്ടതിന് ബ്ലാസ്റ്റേഴ്സ് ക്ഷമാപണം നടത്തി. നോക്കൌട്ട് മത്സരത്തില്‍ സംഭവിച്ച കാര്യങ്ങള്‍ക്ക് ഖേദം പ്രകടിപ്പിക്കുന്നു. മത്സരം പൂര്‍ത്തിയാക്കാതെ കളം വിട്ടത് ദൌര്‍ഭാഗ്യകരവും അപക്വവുമായ നടപടിയായിരുന്നു. മത്സരച്ചൂടിലായിരുന്നു ആ നടപടികള്‍. ഇനി അത്തരം സംഭവങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ ശ്രദ്ധിക്കുമെന്ന് ഫുട്ബോള് പ്രേമികള്‍ക്ക് ഉറപ്പ് നല്‍കുന്നുവെന്നും ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലിലൂടെ കേരള ബ്ലാസ്റ്റേഴ്സ് ടീം വിശദമാക്കിയത്.
ഒരുമയോടെ കൂടുതല്‍ ശക്തരായി തിരികെ വരുമെന്നും നെഗറ്റീവ് സാഹചര്യങ്ങളില്‍ കുടുങ്ങിയതിന് ക്ഷമാപണം നടത്തുന്നതായി ബ്ലാസ്റ്റേഴ്സ് കോച്ച് ഇവാന്‍ വുകോമാനോവിച്ച് ട്വിറ്ററില്‍ വിശദമാക്കി. മത്സരം പൂര്‍ത്തിയാക്കാതെ ഗ്രൗണ്ട് വിട്ട കേരള ബ്ലാസ്റ്റേഴ്സിന് നാല് കോടി രൂപയാണ് അഖിലേന്ത്യ ഫുട്ബോള്‍ ഫെഡറേഷന്‍ പിഴയിട്ടത്. ക്ഷമാപണം നടത്താത്ത രക്ഷം ഇത് ആറ് കോടിയാവുമെന്നും ഫുട്ബോള്‍ ഫെഡറേഷന്‍ വിശദമാക്കിയിരുന്നു. സുനില്‍ ഛേത്രിയുടെ വിവാദ ഗോളിന് പിന്നാലെ കളിക്കാരെ തിരിച്ച് വിളിച്ച ബ്ലാസ്റ്റേഴ്സ് കോച്ച് ഇവാന്‍ വുകോമാനോവിച്ചിന് വിലക്കും പിഴയുമാണ് അഖിലേന്ത്യ ഫുട്ബോള്‍ ഫെഡറേഷന്‍ വിധിച്ചത്.
10 മത്സരങ്ങളില്‍ വിലക്കും അഞ്ച് ലക്ഷം പിഴയുമാണ് കോച്ചിന് വിധിച്ചത്. നേരത്തെ ബെംഗളൂരു എഫ്സിക്കെതിരായ മത്സരം പൂര്‍ത്തിയാകന്‍ 15 മിനുറ്റ് ശേഷിക്കേ എന്തിനാണ് താരങ്ങളേയും കൂട്ടി കളിക്കളം വിട്ടതെന്ന എഐഎഫ്എഫ് അച്ചടക്ക സമിതിയുടെ നോട്ടീസിന് ഇവാന്‍ വുകോമനോവിച്ച് മറുപടി നല്‍കിയിരുന്നു. കഴിഞ്ഞ സീസണിലുള്‍പ്പടെയുണ്ടായ വിവാദ റഫറി തീരുമാനങ്ങളില്‍ പ്രതിഷേധിച്ചായിരുന്നു ഇറങ്ങിപ്പോക്ക് എന്നായിരുന്നു ഇവാന്‍ അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്റെ അച്ചടക്ക സമിതിക്ക് നല്‍കിയ വിശദീകരണം.