ബ്രഹ്മപുരം മാലിന്യ പ്ലാന്റ് തീപിടിത്തത്തിന് പിന്നാലെ വിവാദത്തിലായ സോണ്‍ട കമ്പനിക്കും ഉടമ രാജ് കുമാർ പിള്ളയ്ക്കുമെതിരെ കടുത്ത ആരോപണങ്ങളുമായി ജര്‍മ്മൻ നിക്ഷേപകനായ പാട്രിക്ക് ബൌവർ. രാജ് കുമാറിന്റെ ഉടമസ്ഥതയിലുള്ള സോണ്‍ട കമ്പനിയിൽ നിക്ഷേപിച്ചത് അഞ്ച് മില്ല്യണ്‍ യൂറോയാണെന്നും തിരികെ നൽകാമെന്ന വാഗ്ദാനം രാജ് കുമാര്‍ പാലിച്ചില്ലെന്നും ജര്‍മ്മൻ നിക്ഷേപകനായ പാട്രിക്ക് ബൌവർ ആരോപിച്ചു.
പരാതി നൽകിയിട്ടും ബെംഗുളൂരു പൊലീസ് ആദ്യം നടപടി സ്വീകരിച്ചില്ലെന്നും ബൗവര്‍ വെളിപ്പെടുത്തി. നെതര്‍ലൻഡ്സിൽ വച്ച് മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടതിലും ബൗവര്‍ വിശദീകരണം നൽകി. എംബസി അറിയിച്ചതനുസരിച്ചാണ് പോയത്. ഇന്ത്യൻ സംഘം എത്തുന്നുവെന്നും പങ്കെടുക്കണമെന്നുമായിരുന്നു അറിയിച്ചിരുന്നത്. അവിടെ എത്തിയപ്പോഴാണ് കേരളാ മുഖ്യമന്ത്രി ഉണ്ടായിരുന്നെന്ന് മനസിലായതെന്നും ബൗവര്‍ വിശദീകരിച്ചു. തന്റെ ജർമ്മൻ കമ്പനിയുടെ പ്രവർത്തനത്തെ കുറിച്ച് മുഖ്യമന്ത്രിയോട് സംസാരിച്ചതായും പാട്രിക്ക് കൂട്ടിച്ചേർത്തു.