ടെല്‍ അവീവ്: ഇസ്രയേലിലെ വിവാദ ജുഡിഷ്യല്‍ പരിഷ്കരണങ്ങള്‍ ഉപേക്ഷിക്കാന്‍ ഉപദേശിച്ച യു.എസ് പ്രസിഡന്റ് ജോ ബൈഡനെതിരെ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു രംഗത്ത്.
ഇസ്രയേലി ജനാധിപത്യത്തിന്റെ ആരോഗ്യത്തെ കുറിച്ച് താന്‍ വളരെ ഉത്കണ്ഠാകുലനാണെന്നും രാജ്യത്തിന് ഈ പാതയില്‍ അധികകാലം തുടരാനാവില്ലെന്നുമാണ് ബൈഡന്‍ പറഞ്ഞത്. ജുഡിഷ്യല്‍ പരിഷ്കരണങ്ങള്‍ക്കെതിരെ ഇസ്രയേലില്‍ ശക്തമായ പ്രക്ഷോഭങ്ങളും പണിമുടക്കുകളും തുടരുന്ന പശ്ചാത്തലത്തിലായിരുന്നു പ്രതികരണം. ചില വിട്ടുവീഴ്ചകള്‍ക്ക് ശ്രമിക്കാന്‍ കഴിയുന്ന തരത്തില്‍ അദ്ദേഹം (നെതന്യാഹു) പ്രവര്‍ത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം അതില്‍ നിന്ന് പിന്മാറുമെന്ന് പ്രതീക്ഷിക്കുന്നതായും ബൈഡന്‍ വ്യക്തമാക്കി. ഇസ്രയേലിന്റെ ആഭ്യന്തര കാര്യങ്ങളില്‍ തങ്ങള്‍ ഇടപെടുകയല്ലെന്നും തങ്ങളുടെ നിലപാട് ഇസ്രയേലിന് അറിയാമെന്നും ബൈഡന്‍ കൂട്ടിച്ചേര്‍ത്തു.
എന്നാല്‍,തൊട്ടുപിന്നാലെ നെതന്യാഹുവിന്റെ പ്രതികരണമുണ്ടായി. വിദേശ സമ്മര്‍ദ്ദത്തെ അടിസ്ഥാനമാക്കി ഇസ്രയേല്‍ തീരുമാനങ്ങള്‍ എടുക്കാറില്ലെന്ന് നെതന്യാഹു പ്രസ്താവനയില്‍ വ്യക്തമാക്കി. ‘ ഇസ്രയേല്‍ ഒരു പരമാധികാര രാജ്യമാണ്. തങ്ങളുടെ ജനങ്ങളുടെ അഭിപ്രായ പ്രകാരമാണ് രാജ്യത്ത് തീരുമാനങ്ങള്‍ എടുക്കുന്നത്. മറിച്ച് വിദേശ സമ്മര്‍ദ്ദം അനുസരിച്ചല്ല. അത് നല്ല സുഹൃത്തുക്കളില്‍ നിന്നാണെങ്കില്‍ പോലും. തനിക്ക് 40 വര്‍ഷത്തിലേറെയായി പ്രസിഡന്റ് ബൈഡനെ അറിയാം. ഇസ്രയേലിനോടുള്ള അദ്ദേഹത്തിന്റെ ദീര്‍ഘകാല പ്രതിബന്ധതയെ താന്‍ അഭിനന്ദിക്കുന്നു.” നെതന്യാഹു വ്യക്തമാക്കി. ജുഡീഷ്യല്‍ പരിഷ്കരണ നിര്‍ദ്ദേശങ്ങള്‍ ഈ ആഴ്ചയോടെ പാര്‍ലമെന്റില്‍ പാസാക്കാനായിരുന്നു നീക്കമെങ്കിലും ജനകീയ പ്രതിഷേധം കണക്കിലെടുത്ത് നീക്കം താത്കാലികമായി നിറുത്തിവയ്ക്കുന്നതായി നെതന്യാഹു തിങ്കളാഴ്ച അറിയിച്ചിരുന്നു. നിയമം പാസാക്കാനുള്ള ചര്‍ച്ചകള്‍ അടുത്ത മാസത്തേക്കാണ് നീട്ടിയത്. പാര്‍ലമെന്റിലെ കേവല ഭൂരിപക്ഷത്തിന് സുപ്രീം കോടതി വിധികള്‍ അസാധുവാക്കാനുള്ള അധികാരമുണ്ടായിരിക്കുമെന്ന് സര്‍ക്കാര്‍ മുന്നോട്ടുവച്ച നിര്‍ദ്ദേശങ്ങളില്‍ പറയുന്നുണ്ട്. പരിഷ്കാരങ്ങള്‍ ജഡ്ജിമാരുടെ നിയമനത്തില്‍ രാഷ്ട്രീയക്കാര്‍ കൂടുതല്‍ സ്വാധീനം ചെലുത്താനും കാരണമാകും. പരിഷ്കരണം നടപ്പായാല്‍ അധികാരത്തില്‍ തുടരാന്‍ യോഗ്യമല്ലെന്ന് കണ്ടെത്തുന്ന ഒരു നേതാവിനെ പുറത്താക്കുന്നത് കോടതിക്ക് വെല്ലുവിളിയാകും. നിയമം ഏത് വിധേനയും നടപ്പാക്കണമെന്നാണ് നെതന്യാഹു സര്‍ക്കാരിലെ തീവ്ര വലതുപക്ഷ കക്ഷികളുടെ നിലപാട്.