റിയാദ്: വൈറസ് സാന്നിദ്ധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് ഇന്ത്യയില്‍ നിന്നുള്ള ചെമ്മീന്‍ ഇറക്കുമതിക്ക് സൗദി അറേബ്യ നിരോധനം ഏര്‍പ്പെടുത്തി. രാജ്യത്തെ ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റിയുടെ തീരുമാനത്തെ തുടര്‍ന്നാണ് താത്കാലിക നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്‍ത ശീതീകരിച്ച ചെമ്മീനില്‍ വൈറ്റ് സ്‍പോട്ട് സിന്‍ഡ്രോം വൈറസിന്റെ സാന്നിദ്ധ്യം സ്ഥിരീകരിച്ചുവെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. ചെമ്മീന്‍ സാമ്പിളുകളുടെ പരിശോധനയില്‍ ഈ വൈറസ് കണ്ടെത്തിയതാണ് നിരോധനത്തിന് കാരണം. രാജ്യത്തേക്ക് കയറ്റുമതി ചെയ്യുന്ന ഉത്പന്നങ്ങളുടെ സുരക്ഷ ഉറപ്പാക്കാനും വൈറസ് സാന്നിദ്ധ്യമില്ലെന്നും ഇന്ത്യ മതിയായ ഉറപ്പ് നല്‍കുന്നത് വരെ താത്കാലിക നിരോധനം ഏര്‍പ്പെടുത്തുകയാണെന്ന് അധികൃതര്‍ അറിയിച്ചു.