ദില്ലി: ഇടത് വനിത നേതാക്കള്‍ക്കെതിരായ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍റേത് ക്രിമിനല്‍ പരാമർശമെന്ന് സിപിഐ നേതാവ് ആനി രാജ. സ്ത്രീയെ രണ്ടാംതര പൗരയായി കാണുന്ന സംഘപരിവാർ സംഘടനകളില്‍ നിന്നുള്ളവർക്കെ ഇത്തരം മ്ലേച്ഛമായ പരാമർശം നടത്താൻ കഴിയൂ. സ്ത്രീകളുടെ അന്തസ്സിനെ ചോദ്യം ചെയ്യുന്നതാണ് പ്രസ്താവന. സിപിഎമ്മിന്‍റേത് മാത്രമല്ല ഇന്ത്യയിലെ എല്ലാ സ്ത്രീകളെയും അപമാനിക്കുന്നതാണ് പരാമർശം. ഒരു പാർട്ടിയുടെ സംസ്ഥാന അധ്യക്ഷന് എങ്ങനെ ഇങ്ങനെ പറയാൻ കഴിഞ്ഞൂവെന്നും ആനി രാജ ചോദിച്ചു.വിഷയത്തില്‍ സിപിഎം നേതാക്കളുടെ മൃദു സമീപനത്തെ കുറിച്ച് അഭിപ്രായം പറയാനില്ല. കേസ് കൊടുത്ത കോണ്‍ഗ്രസിന്‍റെ ഔദാര്യം ആവശ്യമില്ല. പൊലീസ് സ്വമേധയ കേസ് എടുക്കണമെന്നും ആനി രാജ പറഞ്ഞു.