ഓസ്‌ട്രേലിയയിലെ തൊഴിലിടങ്ങളിൽ തൊഴിലാളികളുടെ അവകാശങ്ങൾ സംബന്ധിച്ച് കുടിയേറ്റക്കാർക്ക് ധാരണ കുറവാണെന്ന് സർക്കാർ ചൂണ്ടിക്കാട്ടി.താത്കാലിക വിസകളിലുള്ള കുടിയേറ്റക്കാർക്ക്
ഫെയർ വർക്ക് ആക്ട് ബാധകമാണോ എന്നത് സംബന്ധിച്ച് ആശയകുഴപ്പം നിലനിൽക്കുന്നതായി സർക്കാർ പറഞ്ഞു.ഓസ്‌ട്രേലിയൻ പൗരന്മാർക്ക് ലഭ്യമായ അവകാശങ്ങൾ താത്കാലിക വിസകളിലുള്ളവർക്കും ബാധകമാണ് എന്നതിന് കൂടുതൽ വ്യക്തത വരുത്തുകയാണ് നിയമമാറ്റം വഴി സർക്കാർ ഉദ്ദേശിക്കുന്നത്.
തൊഴിലിടങ്ങളിൽ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് പരാതിപ്പെടാൻ നിരവധിപ്പേർ പേർ മടിക്കുന്നതായി വർക്ക്‌പ്ലേസ് റിലേഷൻസ് മന്ത്രി ടോണി ബെർക്ക് പറഞ്ഞു.ശമ്പളം, തൊഴിൽ സാഹചര്യങ്ങൾ എന്നിവ സംബന്ധിച്ചുള്ള പരാതികൾ അറിയിക്കാൻ താത്കാലിക വിസകളിലുള്ളവർ ഭയക്കുന്നതായും തൊഴിൽ നഷ്ടപ്പെടുമോ എന്നുള്ള ആശങ്കയുള്ളതായും അദ്ദേഹം പറഞ്ഞു.
ഈ ബില്ല് പാസാകുമെന്നാണ് ബെർക്ക് കരുതുന്നത്. ഇത് തൊഴിലാളികളെ ചൂഷണം ചെയ്യുന്നത് തടയാൻ സഹായിക്കുമെന്ന് ബെർക്ക് പ്രതീക്ഷ പ്രകടിപ്പിച്ചു.ചില തൊഴിലുടമകൾ കുടിയേറ്റ തൊഴിലാളികളുടെ ദുർബലമായ സാഹചര്യം ചൂഷണം ചെയ്യുന്നതായി മന്ത്രി പറഞ്ഞു.നിയമം നടപ്പിലായാൽ തൊഴിലാളികൾക്ക് ഭയം കൂടാതെ അവകാശങ്ങൾക്കായി നിലകൊള്ളാൻ കഴിയുമെന്നാണ് അദ്ദേഹം കരുതുന്നത്.താത്കാലിക കുടിയേറ്റ തൊഴിലാളികളുടെ അവകാശങ്ങൾ സംബന്ധിച്ച് 22 നിർദ്ദേശങ്ങളാണ് ഇതേക്കുറിച്ച് വിലയിരുത്തിയ സമിതി മുന്നോട്ട് വച്ചിരിക്കുന്നത്.കുടിയേറിയെത്തുന്ന തൊഴിലാളികളുടെ അവകാശങ്ങൾ സംബന്ധച്ച് ഒട്ടേറെ തെറ്റായ ധാരണകൾ ഉള്ളതായി കണ്ടെത്തിയിരുന്നു.ഓസ്‌ട്രേലിയൻ തൊഴിലിടങ്ങളിലെ നിയമങ്ങൾ കുടിയേറിയെത്തുന്ന താത്കാലിക വിസകളിലുള്ളവർക്ക് ബാധകമല്ല എന്നതാണ് ഇതിൽ ഏറ്റവും പ്രധാനപ്പെട്ട തെറ്റ് ധാരണയായി കണ്ടെത്തിയത്.ഇതുമൂലം ഫെയർ വർക്ക് ഓംബുഡ്സ്മാനെ പരാതി അറിയിക്കുന്നതിനായി പലരും മുന്നോട്ട് വരുന്നില്ല എന്നാണ് കണ്ടെത്തൽ.മുന്നോട്ട് വച്ചിരിക്കുന്ന 22 നിർദ്ദേശങ്ങളും നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നതായി സർക്കാർ പറഞ്ഞു.
ശരിയായ ശമ്പളം ലഭിക്കാത്ത തൊഴിലാളികൾക്ക് ഫെയർ വർക്ക് ഓംബുഡ്സ്മാനെ ബന്ധപ്പെടാൻ നിയമമാറ്റം കൂടുതൽ ധൈര്യം പകരുമെന്ന് സർക്കാർ പറഞ്ഞു.ന്യായവും കൂടുതൽ നീതിയുക്തവുമായ സംവിധാനത്തിൽ വിശ്വസിക്കുന്നതായി ബെർക് കൂട്ടിച്ചേർത്തു.ഓസ്‌ട്രേലിയയിലെ കുടിയേറ്റ സമൂഹത്തിലെ തൊഴിലാളികളിൽ 58 ശതമാനം പേർ അർഹതപ്പെട്ട ശമ്പളം ലഭിക്കുന്നില്ല എന്ന് പരാതിപ്പെട്ടതായി ഈ മാസം പുറത്ത് വന്ന സർവേയിൽ വ്യക്തമാക്കുന്നു.ബാങ്ക് അക്കൗണ്ട് വഴിയല്ലാതെ കാഷ് പേയ്‌മെന്റ്, പെനാൽറ്റി നിരക്ക് നൽകാതിരിക്കുക, നിയമവിരുദ്ധമായ ട്രയൽ ഷിഫ്റ്റുകൾ എന്നിവ ചൂഷണം നേരിടുന്ന രീതികളായി കണ്ടെത്തിയിട്ടുണ്ട്.കുടിയേറ്റ തൊഴിലാളികളിൽ പകുതിപ്പേരും തൊഴിൽ സുരക്ഷയില്ലെന്നും, വിവേചനം, ഭീഷണി എന്നിവ നേരിടുന്നതായും വ്യക്തമാക്കിയിട്ടുള്ളതായി സർവേ റിപ്പോർട്ട് ചെയ്തു.