ഈ വർഷം ജൂലൈയോടെ വാണിജ്യ സേവനങ്ങൾ തുടങ്ങുന്നതിനുള്ള അനുമതി ആഗോള സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ കമ്പനിയായ വൺവെബിന് ലഭിക്കുമെന്ന് റിപ്പോർട്ട്. ഇതിന്റെ ഭാഗമായി ഇന്ത്യയിൽ സ്പേസ് കോം നയം ഉടനെ പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയിലാണ് കമ്പനി.
ഉപഗ്രഹങ്ങളിൽ നിന്നുള്ള സിഗ്നലുകൾ ലഭ്യമാക്കുന്നതിന് ആവശ്യമായ ലാൻഡിങ് അനുമതിയും മാർക്കറ്റ് ആക്‌സസ് ക്ലിയറൻസുകളും ഉൾപ്പെടെയുള്ള സേവനങ്ങൾ ആരംഭിക്കുന്നതിന് ആവശ്യമായ എല്ലാ നിയമപരമായ അംഗീകാരങ്ങളും കമ്പനിയ്ക്ക് ലഭിക്കും. ഇതോടെ ഇന്ത്യയിൽ ഉപഗ്രഹങ്ങളിൽ നിന്ന് ബ്രോഡ്‌ബാൻഡ് സേവനം ലഭ്യമാക്കുന്ന ആദ്യത്തെ കമ്പനിയെന്ന റെക്കോർഡ് കമ്പനി സ്വന്തമാക്കുമെന്നും വൺവൈബിലെ ഉദ്യോഗസ്ഥർ പറഞ്ഞു. ഇതിനോടകം തന്നെ കമ്പനി കേന്ദ്രസർക്കാരിന് നേരിട്ടുള്ള വിദേശ നിക്ഷേപത്തിന് അനുമതി നൽകിയിട്ടുണ്ട്. നിലവിൽ ഭാരതി എയർടെല്ലിന്റെ ഉടമസ്ഥതയിലാണ് കമ്പനി. അടുത്തിടെ സ്പെക്ട്രം അനുവദിക്കുന്നത് സംബന്ധിച്ച് വൺവൈബിന്റെ എക്സിക്യൂട്ടിവ് ചെയർമാൻ സുനിൽ ഭാരതി പരാമർശം നടത്തിയിരുന്നു. സാറ്റലൈറ്റ് കമ്മ്യൂണിക്കേഷനുകൾക്കായി സ്പെക്‌ട്രം നേരിട്ട് അനുവദിക്കണമെന്നും അത് ലേലം ചെയ്യരുതെന്നും മിത്തൽ പറഞ്ഞതായി ദേശീയ മാധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്തത്.
കമ്പനിയ്ക്ക് ടെലികമ്മ്യൂണിക്കേഷൻ വകുപ്പിൽ നിന്ന് ജിഎംപിസിഎസ് ലൈസൻസ് ലഭിച്ചിട്ടുണ്ട്. ഇതോടെ ആദ്യം സേവനങ്ങൾ ആരംഭിക്കാൻ കമ്പനിയ്ക്ക് കഴിയും. സ്റ്റാർലിങ്ക് പോലുള്ള കമ്പനികളെക്കാൾ മുന്നിലെത്താൻ വൺവൈബിനെ ഇത് സഹായിക്കും. സർക്കാർ സ്‌പേസ്‌കോം നയം അവതരിപ്പിച്ചുകഴിഞ്ഞാൽ ഇലോൺ മസ്കിന്റെ സ്റ്റാർലിങ്കിനും ഇന്ത്യൻ വിപണിയിലും മുന്നേറ്റം നടത്താനാകും. നിലവിൽ മൊബൈൽ സേവനങ്ങൾ നൽകുന്നതിനെക്കാൾ കൂടുതലായിരിക്കും വ്യക്തികളെ സംബന്ധിച്ചിടത്തോളം സ്‌പേസ് ബ്രോഡ്‌ബാൻഡ് സേവനങ്ങൾ ഉപയോഗിക്കുന്നതിനുള്ള ചെലവ്. എന്നാൽ 30 മുതൽ 40 വരെ വീടുകളുള്ള ഒരു പ്രദേശത്തിന് ഇത് ഗുണകരമാകും. അവിടെയിത് ഉപയോഗിക്കുകയാണെങ്കിൽ ചെലവ് കുറയും. ജൂലൈയോടെ കമ്പനിക്ക് ആവശ്യമായ അനുമതികൾ ലഭിച്ചാൽ സേവനങ്ങൾ ആരംഭിക്കുന്നത് എളുപ്പമാകും.