ലൈംഗികാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന ശാസ്ത്രീയമായ ഉപകരണങ്ങളാണ് സെക്സ് ടോയ്സ്. ഇന്ത്യ അടക്കമുള്ള രാജ്യങ്ങളില്‍ ഇന്ന് സെക്സ് ടോയ്സ് ഉപയോഗം കൂടി വരുന്നുണ്ട്. എന്നാല്‍ ഇതിന്‍റെ കച്ചവടത്തിനും മറ്റും നിയമപരമായ പല പ്രശ്നങ്ങളും നേരിടുന്ന ഇടങ്ങളുണ്ട്. എന്തായാലും സെക്സ് ടോയ്സ് ഉപയോഗം വ്യാപകമായിട്ടുണ്ട് എന്നത് തന്നെയാണ് പല റിപ്പോര്‍ട്ടുകളും ഇതിനോടകം സൂചിപ്പിച്ചിട്ടുള്ളത്.
എന്നാലിപ്പോഴിതാ ഉപഭോക്താക്കളുടെ സ്വകാര്യത കവര്‍ന്നുവെന്നതിന്‍റെ പേരില്‍ സെക്സ് ടോയ്സ് നിര്‍മ്മാതാക്കളായ ഒരു കമ്പനിക്കെതിരെ വൻ നഷ്ടപരിഹാരം ചുമത്തിയിരിക്കുകയാണ് കോടതി. കനേഡിയൻ കമ്പനിയായ ‘വി-വൈബ്’നെതിരെയാണ് കോടതി നടപടി.
സത്യത്തില്‍ ‘വി-വൈബി’ന്‍റെ മാതൃസ്ഥാപനമായ ‘സ്റ്റാൻഡേര്‍ഡ്സ് ഇന്നോവേഷന്’ എതിരെയായിരുന്നു കേസ്. എന്നാല്‍ കേസിലുള്‍പ്പെടുന്ന സെക്സ് ടോയ്സ് നിര്‍മ്മിച്ചത് ‘വീ-വൈബ്’ ആണെന്നതിനാല്‍ പിഴ ചുമത്തപ്പെട്ടിരിക്കുന്നത് ഈ കമ്പനിക്കാണ്.
24 കോടി രൂപയാണ് ഇവര്‍ക്ക് കോടതി പിഴ ചുമത്തിയിരിക്കുന്നത്. ആപ്പിലൂടെ നിയന്ത്രിക്കാവുന്ന സെക്സ് ടോയ്സ് മുഖേന ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ഇവര്‍ ചോര്‍ത്തി എന്നാണ് 2017ല്‍ ഫയല്‍ ചെയ്യപ്പെട്ട കേസില്‍ ആരോപിച്ചിരുന്നത്. ഈ കുറ്റമാണ് ഇപ്പോള്‍ തെളിഞ്ഞിരിക്കുന്നത്.
ആപ്പ് മുഖേന ഉപഭോക്താക്കള്‍ എത്ര തവണ ഇവരുടെ ‘സ്മാര്‍ട്ട് സെക്സ് ടോയ്’ ഉപയോഗിച്ചുവെന്നും എത്ര തീവ്രതയിലാണ് ഇതുപയോഗിക്കുന്നത് എന്നുമാണത്രേ കമ്പനി ചോര്‍ത്തിയത്. ഇത് ഉത്പന്നത്തെ കുറിച്ചുള്ള അവലോകനത്തിനും പഠനത്തിനും മാത്രമാണ് ഉപയോഗിക്കുന്നത് എന്നായിരുന്നു പിന്നീട് കമ്പനി നല്‍കിയ വിശദീകരണം.
അതേസമയം സ്വകാര്യത ചോര്‍ത്തിയതിനെതിരെ വ്യാപക പ്രതിഷേധമാണ് കമ്പനിക്കെതിരെ നടക്കുന്നത്. ലോകമെമ്പാടുമായി മൂന്ന് ലക്ഷത്തോളം പേരെങ്കിലും കമ്പനിയുടെ ഉത്പന്നങ്ങള്‍ ഉപയോഗിച്ചുവരുന്നുവെന്നാണ് കോടതി പങ്കുവയ്ക്കുന്ന വിവരം. ഇവര്‍ വിവരങ്ങള്‍ ട്രാക്ക് ചെയ്തെടുത്ത ഉപഭോക്താക്കള്‍ക്ക് തന്നെയാണ് നഷ്ടപരിഹാരം വീതിച്ച് നല്‍കാൻ കോടതി ഉത്തരവിട്ടിരിക്കുന്നത്.