കെയ്റോ : ഈജിപ്റ്റില്‍ റാംസെസ് രണ്ടാമന്‍ ഫറവോയുടെ പുരാതന ക്ഷേത്രത്തില്‍ ചെമ്മരിയാടുകളുടെ 2,000ത്തിലേറെ തലകള്‍ ഗവേഷകര്‍ കണ്ടെത്തി.മമ്മിയുടെ രൂപത്തിലുള്ള നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഈ ആട്ടിന്‍തലകള്‍ റാംസെസ് രണ്ടാമന്റെ ക്ഷേത്രത്തില്‍ നേര്‍ച്ചയായി സമര്‍പ്പിച്ചതാണെന്ന് കരുതുന്നു.ചെമ്മരിയാടുകള്‍ക്ക് പുറമേ നായ, ആട്, പശു, മാന്‍ തുടങ്ങിയവയുടെ മമ്മികളും ന്യൂയോര്‍ക്ക് യൂണിവേഴ്സിറ്റിയില്‍ നിന്നുള്ള ഗവേഷക സംഘം നടത്തിയ ഖനനത്തിനിടെ കണ്ടെത്തി. തെക്കന്‍ ഈജിപ്റ്റില്‍ പുരാതന ക്ഷേത്രങ്ങള്‍ക്കും കല്ലറകള്‍ക്കും പ്രശസ്തമായ അബൈഡോസിലാണ് ഈ നിര്‍ണായക കണ്ടെത്തല്‍.
ബി.സി 1304 മുതല്‍ ബി.സി 1237 വരെയുള്ള ഏഴ് ദശാബ്ദകാലത്തോളം ഈജിപ്റ്റ് ഭരിച്ച ഭരണാധികാരിയാണ് റാംസെസ് രണ്ടാമന്‍. ബി.സി 2374നും ബി.സി 2140നും ഇടയിലാകാം ഈ ക്ഷേത്രം നിര്‍മ്മിക്കപ്പെട്ടതെന്ന് കരുതുന്നു. ചെമ്മരിയാടുകളുടെ ഇത്രയധികം തല കണ്ടെത്തിയത് അത്ഭുതപ്പെടുത്തിയെന്നും ഇത് ഭാവിയില്‍ റാംസെസിന്റെ ക്ഷേത്രങ്ങളെയും അവിടുത്തെ ആരാധനാ സമ്ബ്രദായങ്ങളെയും പറ്റി കൂടുതല്‍ കാര്യങ്ങള്‍ കണ്ടെത്തുന്നതിലേക്ക് നയിക്കുമെന്ന് ഗവേഷകര്‍ പറയുന്നു.
മമ്മികള്‍ കൂടാതെ 16 അടി കനമുള്ള ഭിത്തിയോട് കൂടിയ ഒരു കൊട്ടാരത്തിന്റെ അവശിഷ്ടവും ഇവിടെ കണ്ടെത്തിയിട്ടുണ്ട്. ഇതിന് 4,000 വര്‍ഷം പഴക്കമുണ്ടെന്ന് കരുതുന്നു. നിരവധി ശില്പങ്ങള്‍, പാപ്പിറസ് ഇലകള്‍, പുരാതന വൃക്ഷങ്ങള്‍, ലെതര്‍ വസ്ത്രങ്ങള്‍, ചെരുപ്പ് തുടങ്ങിയവയുടെ ശേഷിപ്പുകളും കണ്ടെത്തി.
കെയ്റോയ്ക്ക് തെക്ക് നൈല്‍ നദിയുടെ തീരത്ത് 435 കിലോമീറ്ററോളം നീളത്തില്‍ വ്യാപിച്ചുകിടക്കുന്ന അബൈഡോസിലാണ് സേതി ഒന്നാമന്റെ പ്രശസ്തമായ ക്ഷേത്രവും നെക്രോപൊലീസുകളും സ്ഥിതി ചെയ്യുന്നത്. ജനുവരിയില്‍ നൈല്‍ നദിയുടെ പടിഞ്ഞാറന്‍ തീരത്തെ ഖാബത്ത് അല്‍ – ഹവയിലെ പുരാതന കല്ലറയില്‍ നിന്ന് 2,500 വര്‍ഷങ്ങള്‍ പഴക്കമുള്ള മുതലകളുടെ മമ്മികള്‍ കണ്ടെത്തിയിരുന്നു.