മുന്‍ കാമുകന്‍ അനൂപ് പിള്ളയില്‍ നിന്ന് തനിക്ക് ശാരീരികവും മാനസികവുമായ പീഡനം ഏറ്റുവാങ്ങേണ്ടിവന്നെന്ന ആരോപണവുമായി നടി അനിഖ വിക്രമന്‍ രംഗത്തെത്തിയിരുന്നു. പീഡനമേറ്റതിന്‍റെ ചിത്രങ്ങള്‍ സഹിതമാണ് സോഷ്യല്‍ മീഡിയയിലൂടെ അനിഖ ആരോപണങ്ങള്‍ ഉയര്‍ത്തിയത്. എന്നാല്‍ ഇപ്പോഴിതാ അനിഖയുടെ ആരോപണങ്ങള്‍ നിഷേധിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ കാമുകനായ അനൂപ് പിള്ള. അനിഖ പങ്കുവച്ച ചിത്രങ്ങളിലെ പല മുറിവുകളും അവര്‍ സ്വയം സൃഷ്ടിച്ചതാണെന്നും താനാണ് ഉപദ്രവിക്കപ്പെട്ടതെന്നും സമൂഹമാധ്യമത്തിലൂടെ അനൂപ് പിള്ള ആരോപിക്കുന്നു. പണത്തിനും പ്രശസ്തിക്കും വേണ്ടിയുള്ള വ്യാജ ആരോപണങ്ങളാണ് ഇതെന്നും
2016 മുതലുള്ള ബന്ധമാണ് തങ്ങള്‍ തമ്മിലുള്ളതെന്നും രണ്ട് വര്‍ഷത്തോളം ഡേറ്റിംഗ് നടത്തിയിട്ടുണ്ടെന്നും അനൂപ് പിള്ള പറയുന്നു. “ഞാന്‍ ഇന്ത്യയില്‍ ആയിരുന്നപ്പോഴെല്ലാം അനിഖ എന്നോടൊപ്പമാണ് താമസിച്ചിരുന്നത്. ഒരുമിച്ചാണ് യാത്ര ചെയ്തിരുന്നത്. സിനിമയില്‍ വേഷങ്ങള്‍ ലഭിക്കാത്തതിനാല്‍, അവളുടെ ആവശ്യപ്രകാരം ഞാന്‍ അനിഖയ്ക്കായി ഒരു ആല്‍ബം നിര്‍മ്മിച്ച് നല്‍കി. പക്ഷേ, നിര്‍ഭാഗ്യവശാല്‍, അത് അവര്‍ പ്രതീക്ഷിച്ച പ്രശസ്തി കൊണ്ടുവന്നില്ല. അതിനു ശേഷം അനിഖ മറ്റൊരാളുമായി ബന്ധം സ്ഥാപിച്ചു. ഇതിനിടെ ഞങ്ങളുടെ ബന്ധം പുനഃസ്ഥാപിക്കാന്‍ അനിഖ ഒന്നിലധികം തവണ ശ്രമിച്ചിരുന്നു. പക്ഷേ പണത്തിനും സ്വന്തം നിലനില്‍പ്പിനും വേണ്ടിയാണ് അവള്‍ എന്നെ സമീപിക്കുന്നതെന്ന് മനസ്സിലായപ്പോള്‍ ഞാന്‍ പിന്‍മാറി. ബാഗ്ലൂരിലും ചെന്നൈയിലുമായുള്ള താമസത്തിനിടെ അവള്‍ക്ക് ജോലിയില്ലാത്തതിനാലും മറ്റാരും സാമ്പത്തികമായി സഹായിക്കാന്‍ ഇല്ലാത്തതിനാലും എന്നില്‍ നിന്ന് ലക്ഷക്കണക്കിന് രൂപ അനിഖ കൈപ്പറ്റിയിട്ടുണ്ട്.”