ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കുമെന്ന് മുൻ കേന്ദ്രമന്ത്രി രേണുക ചൗധരി. രാജ്യസഭയിൽ മോദി തന്നെ ശൂർപ്പണഖയെന്ന് പരിഹസിച്ചിരുന്നുവെന്നാണ് രേണുകയുടെ പരാതി. സംഭവത്തിന്‍റെ വീഡിയോ ട്വിറ്ററിൽ ഷെയർ ചെയ്താണ് മുൻ കേന്ദ്രമന്ത്രി മോദിക്കെതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കുമെന്ന് വ്യക്തമാക്കിയത്. ഇനി കോടതികൾ എത്ര വേഗത്തിൽ പ്രവർത്തിക്കുമെന്ന് നോക്കാമെന്നും രേണുക ചൗധരി ട്വിറ്ററിൽ കുറിച്ചു. മാനനഷ്ടക്കേസിൽ കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് ഗുജറാത്തിലെ സൂറത്ത് കോടതി രണ്ട് വർഷം ശിക്ഷ വിധിച്ചതിന് പിന്നാലെയാണ് രേണുക, മോദിക്കെതിരെയും മാനനഷ്ടക്കേസ് കൊടുക്കുമെന്ന് വ്യക്തമാക്കി രംഗത്തെത്തിയിത്.
അതേസമയം ക്രിമിനൽ മാനനഷ്ടക്കേസിൽ ഗുജറാത്തിലെ സൂറത്ത് കോടതി ശിക്ഷിച്ചതിന് പിന്നാലെ രാഹുൽ ഗാന്ധിയുടെ പാർലമെന്‍റ് അംഗത്വം നഷ്ടമാകുമോ എന്ന ചോദ്യമാണ് എങ്ങും ഉയരുന്നത്. ക്രിമിനൽ മാനനഷ്ടക്കേസിൽ രണ്ട് വർഷത്തെ ശിക്ഷ ലഭിച്ചു എന്നതാണ് രാഹുലിനെ സംബന്ധിച്ചടുത്തോളം ഏറ്റവും വലിയ തിരിച്ചടിയായിരിക്കുന്നത്. ശിക്ഷയുടെ കാലാവധി രണ്ട് വർഷത്തിൽ താഴെയായിരുന്നു എങ്കിൽ രാഹുലിനും കോൺഗ്രസ് പാർട്ടിക്കും ആശങ്ക ഉണ്ടാകില്ലായിരുന്നു. 2013 ലെ സുപ്രീംകോടതി വിധി പ്രകാരം ക്രിമിനൽ മാനനഷ്ടക്കേസിൽ 2 വർഷത്തെ ശിക്ഷ ലഭിച്ചാൽ എം പി, എം എൽ എ സ്ഥാനത്തിന് അയോഗ്യതയാകും. എന്നാൽ തത്കാലം രാഹുലിന് ആശ്വാസത്തിന് വകയുണ്ടെന്ന വിലയിരുത്തലുകൾ. കാരണം ശിക്ഷ വിധിച്ച കോടതി തന്നെ 30 ദിവസത്തേക്ക് ശിക്ഷ നടപ്പാക്കുന്നത് മരവിപ്പിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ രാഹുലിന്‍റെ ‘വിധി’ തീരുമാനിക്കുക ഈ 30 ദിവസത്തിന് ശേഷമായിരിക്കും. അപ്പീലുമായി മേൽക്കോടതിയിലേക്ക് പോകുമ്പോൾ അവിടെ എന്താകും തീരുമാനം എന്നതാണ് രാഹുലിന്‍റെ പാർലമെന്റ് അംഗ്വത്തത്തിലെ വിധി തീരുമാനിക്കുക.