ദില്ലി: പ്രമുഖ ഐടി കമ്പനിയായ ആക്സഞ്ചര്‍ കൂട്ടപിരിച്ചുവിടലിന് ഒരുങ്ങുന്നു. 19,000 ജോലികൾ വെട്ടിക്കുറയ്‌ക്കുമെന്നും വാർഷിക വരുമാനവും ലാഭ പ്രവചനങ്ങൾ കുറയ്ക്കുമെന്നും കമ്പനി അറിയിച്ചു. സാമ്പത്തിക മാന്ദ്യത്തിന്റെ പശ്ചാത്തലത്തിൽ ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായാണ് നടപടി.
കമ്പനിയുടെ മൊത്തം ജീവനക്കാരുടെ 2.5 ശതമാനമാണ് ആക്സഞ്ചര്‍ പിരിച്ചുവിടാൻ ഒരുങ്ങുന്നത്. വാർഷിക വരുമാന വളർച്ച 8 ശതമാനം മുതൽ 10 ശതമാനം വരെയാകുമെന്നാണ് കമ്പനിയുടെ വിലയിരുത്തൽ. മുൻപ് ഇത് 8 മുതൽ 11 ശതമാനം വരെയായിരുന്നു. പിരിച്ചുവിടലുകൾ നിലവിലെ തൊഴിലാളികളിൽ ഏകദേശം 2.5 ശതമാനംപേരെ ബാധിക്കുമെന്നും ഇതിൽ 800-ലധികം പേർ മാർക്കറ്റ് മാനേജർ തസ്തികയിലുള്ളവരായിരിക്കുമെന്നും ആക്സഞ്ചര്‍ ചീഫ് ഫിനാൻഷ്യൽ ഓഫീസർ കെസി മക്ലൂർ പറഞ്ഞു.
2023 – 2024 സാമ്പത്തിക വർഷത്തോടെ കമ്പനിയുടെ മൊത്തം ചെലവ് ഏകദേശം 1.5 ബില്യൺ ഡോളർ ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കെസി മക്ലൂർ പറഞ്ഞു. ഇതിൽ, 2023 സാമ്പത്തിക വർഷത്തിൽ ഏകദേശം 800 മില്യൺ ഡോളറും 2024 സാമ്പത്തിക വർഷത്തിൽ 700 മില്യണും കമ്പനി പ്രതീക്ഷിക്കുന്നു. ഓഫീസ് സ്‌പേസ് ഏകീകരിക്കുന്നതിന് 1.2 ബില്യൺ ഡോളറും ആക്സഞ്ചര്‍ കണക്കാക്കുന്നു.
ആഗോളതലത്തിൽ തന്നെ വൻകിട കമ്പനികൾ ഉൾപ്പടെയുള്ളവയിൽ നിന്നും പിരിച്ചുവിടലുകൾ നടന്നുകൊണ്ടിരിക്കുകയാണ്. ആൽഫബെറ്റ്, മെറ്റ, ആമസോൺ തുടങ്ങി വൻകിട കമ്പനികൾ എല്ലാം പിരിച്ചുവിടലുകൾ നടത്തുന്നുണ്ട്. ഇന്ത്യയിലും പിരിച്ചുവിടലുകൾ രൂക്ഷമാകുകയാണ്. layoff.fyi യുടെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം രാജ്യത്ത് കഴിഞ്ഞ രണ്ട് വർഷത്തിനിടെ 36,400 ലധികം ആളുകൾക്കാണ് ജോലി നഷ്ടപ്പെട്ടത്.