രാഹുൽ ഗാന്ധിക്കെതിരായ സൂറത്ത് കോടതി വിധിയിലും പാപ്ലാനി ബിഷപ്പിന്‍റെ ബി ജെ പി അനുകൂല പരാമർശത്തിലും കോൺഗ്രസ് പുനഃസംഘടന വിഷയത്തിലുമടക്കം പ്രതികരിച്ച് കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ രംഗത്ത്. സൂറത്ത് കോടതി വിധി നിർഭാഗ്യകരമെന്ന് പറഞ്ഞ സുധാകരൻ, പ്രഥമദൃഷ്ട്യാ കാമ്പില്ലാത്ത വിധിയാണ് ഇതെന്നും അഭിപ്രായപ്പെട്ടു. എവിടെയോ സങ്കലനം നടന്നോ എന്ന് സംശയം ഉണ്ടെന്നും രാഹുൽ ഗാന്ധിയെ ഒഴിവാക്കാനുള എല്ലാ ശ്രമങ്ങളും നടക്കുന്നുവെന്നും ഇത് കുതന്ത്രത്തിന്‍റെ ഭാഗമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇതൊന്നും കൊണ്ട് രാഹുലിനെയോ കോൺഗ്രസിനെയോ തളർത്താനാകില്ലെന്നും പറഞ്ഞ കെ പി സി സി അധ്യക്ഷൻ, കേരളത്തിലെ എല്ലാ മണ്ഡലങ്ങളിലും കോൺഗ്രസ് വാ മൂടിക്കെട്ടി പ്രതിഷേധിക്കുമെന്നും വ്യക്തമാക്കി.
തലശ്ശേരി ബിഷപ്പ് മാർ പാപ്ലാനിയുടെ ബി ജെ പി അനുകൂല പരാമർശത്തിലും സുധാകരൻ പ്രതികരിച്ചു. മാർ പാപ്ലാനിയുടെ മനസ് ഞങ്ങൾക്കറിയാമെന്നും കർഷകരുടെ വേദനയിൽ നിന്ന് ഉണ്ടായ പരാമർശമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ആർച്ച് ബിഷപ്പുമായി സംസാരിച്ചെന്ന് പറഞ്ഞ സുധാകരൻ, കർഷകരുടെ കാര്യത്തിൽ നെഞ്ചു പൊട്ടുന്നയാളാണ് ആർച്ച് ബിഷപ്പെന്നും ആത്മാർത്ഥത കൊണ്ട് പറഞ്ഞ വാക്കുകളാണെന്നും ചൂണ്ടികാട്ടി. ഇടതുപക്ഷ സർക്കാർ കർഷകർക്ക് പ്രഖ്യാപിച്ച സഹായം നൽകിയില്ലെന്നും അദ്ദേഹം വിമർശിച്ചു. ഇന്ന് മദ്രസ നിർത്തുമെന്ന് പറയുന്ന ബി ജെ പി നാളെ മറ്റു മതങ്ങളുടെ പഠനകേന്ദ്രത്തിലേക്ക് തിരിയുമെന്നും അത് എല്ലാവർക്കും അറിയുന്ന കാര്യമാണെന്നും കെ പി സി സി അധ്യക്ഷൻ കൂട്ടിച്ചേർത്തു.
കോൺഗ്രസ് പുനഃസംഘടന കാര്യത്തിൽ അടുത്ത മാസം 20 ന് ഉള്ളിൽ പൂർത്തിയാക്കുമെന്നാണ് കെ പി സി സി അധ്യക്ഷൻ പറഞ്ഞത്. എല്ലാവരെയും സഹകരിപ്പിക്കും. മുൻ പി സി സി പ്രസിഡന്‍റുമാരുമായി ചർച്ച ചെയ്യുന്നുണ്ട്. പ്ലീനറി ഇടയിൽ വന്നതാണ് പുനഃസംഘടന വൈകാൻ കാരണം. അത് ഒരു പാളിച്ചയാണ്. എന്നാൽ പാർട്ടി എല്ലാം പരിഹരിക്കുമെന്നും സുധാകരൻ വ്യക്തമാക്കി. അതിനിടെ പിണറായി സർക്കാരിനെ സുധാകരൻ വിമർശിക്കുകയും ചെയ്തു. കേരളത്തിലും കേന്ദ്രത്തിലും എല്ലാ മേഖലയിലും സമൻമാരായ സർക്കാരാണുള്ളത്. ഇ ഡി എന്ത് കൊണ്ട് പിണറായിക്കെതിരെ കേസ് എടുക്കുന്നില്ലെന്ന് ചോദിച്ച സുധാകരൻ കേസ് എടുത്തിരുന്നില്ലെങ്കിൽ പിണറായി ഇറങ്ങി നടക്കുമായിരുന്നില്ലെന്നും കൂട്ടിച്ചേർത്തു.
രാഹുൽ ഗാന്ധിയെ ഭയപ്പെടുത്തി വായ് മൂടി കെട്ടാമെന്ന വ്യാമോഹം സംഘ് പരിവാർ ശക്തികൾ കൈയ്യിൽ വെച്ചാൽ മതിയെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഇത് മലർപ്പെടിക്കാരന്‍റെ സ്വപ്നം പോലെയാണ്. ഇപ്പോഴത്തെ കോടതി വിധിക്ക് എതിരെ നിയമ പരമായി പോരാടും. മാനനഷ്ടക്കേസിൽ പരമാവധി ശിക്ഷ രണ്ട് വർഷമാണ്. അതോടൊപ്പം ഒരു ജന പ്രതിനിധിയെ അയോഗ്യനാക്കാനുള്ള മാനദണ്ഡവും രണ്ട് വർഷമാണ്. ഇതെല്ലാം കൂട്ടി വായിക്കേണ്ടിയിരിക്കുന്നു. ഇത് കൊണ്ടൊന്നും രാഹുൽ ഗാന്ധിയുടെ വായ് മൂടി കെട്ടാമെന്ന് വിചാരിക്കണ്ട. സത്യം പറയുന്ന കാര്യത്തിൽ ഒരു വിട്ട് വീഴ്ചയും ചെയ്യാത്ത നേതാവാണ് അദ്ദേഹം. ഭാരത് ജോഡോ യാത്രക്ക് ശേഷം രാഹുൽ ഗാന്ധിയെ ബി ജെ പി വല്ലാതെ ഭയക്കുകയാണ്. ആ ഭയത്തിൽ നിന്നുള്ള പതർച്ച ബി ജെ പിയുടെ ഓരോ നേതാക്കളുടെയും വാക്കുകളിൽ പ്രകടമാണ്. അദാനിയെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് മുന്നിൽ മുട്ടുമടക്കിയ നരേന്ദ്ര മോദിയും കൂട്ടരും രാഹുൽ ഗാന്ധിയെ തളർത്താനുള്ള കുറുക്ക് വഴികൾ തേടുകയാണ്. രാഹുൽ ഗാന്ധിയെ വളഞ്ഞിട്ട് ആക്രമിക്കാനുള്ള ബി ജെ പി കുതന്ത്രം എങ്ങുമെത്താൻ പോകുന്നില്ലെന്നും ചെന്നിത്തല പറഞ്ഞു.