തിരുവനന്തപുരം: നിയമസഭയിലെ സംഘർഷത്തിൽ എംഎൽഎമാർക്കെതിരായ കേസിൽ തുടർ നടപടി വിശദമായ പരിശോധനക്ക് ശേഷം മതിയെന്ന് നിയമസഭ സെക്രട്ടറിയേറ്റ് തീരുമാനം. തുടർനടപടിക്ക് അനുമതി തേടിയുള്ള പൊലീസ് അപേക്ഷ ഉടൻ പരിഗണിക്കില്ല. അതേസമയം, അനുമതി നൽകിയാൽ നിയമപരമായി നേരിടാനായിരുന്നു പ്രതിപക്ഷത്തിന്റെ നീക്കം. എംഎൽഎമാരുടെ മൊഴി എടുക്കാനും സ്പീക്കറുടെ ഓഫീസിന് മുന്നിലെത്തി മഹസർ തയ്യാറാക്കാനും ആയിരുന്നു പൊലീസ് അനുമതി തേടിയത്. എന്നാൽ തുടർ നടപടി വിശദമായ പരിശോധനക്ക് ശേഷം മതിയെന്നാണ് നിയമസഭ സെക്രട്ടറിയേറ്റ് തീരുമാനിക്കുന്നത്.
ബുധനാഴ്ച സ്പീക്കറുടെ ഓഫീസിന് മുന്നിലുണ്ടായ സംഘർഷത്തിലെ തുടർനടപടിക്കാണ് മ്യൂസിയം പൊലീസ് നിയമസഭാ സെക്രട്ടറിയുടെ അനുമതി തേടിയത്. സ്പീക്കറുടെ ഓഫീസിന് മുന്നിലെത്ത് മഹസ്സർ തയ്യാറാക്കണമെന്നായിരുന്നു ആവശ്യം. സമ്മേളനം നടക്കുന്നതിനാൽ പ്രതിപ്പട്ടികയിലുള്ള എംഎൽഎമാരുടേയും സാക്ഷികളായ എംഎൽഎമാരുടേയും ഉദ്യോഗസ്ഥരുടേയും മൊഴി എടുക്കാനും അനുമതി ചോദിച്ചിരരുന്നു. സഭാടിവിയുടേയും സഭാ മന്ദിരത്തിലെ സിസിടിവിയിലെ ദൃശ്യങ്ങളും ആവശ്യപ്പെട്ടിരുന്നു.