ഹെൽസിങ്കി: ഐക്യരാഷ്ട്ര സഭയുടെ ലോക സന്തോഷ സൂചികാ പട്ടികയിൽ തുടർച്ചയായി അഞ്ചാം തവണയാണ് ഫിൻലാൻഡ് ഒന്നാം സ്ഥാനത്ത് എത്തിയത്. എന്നാൽ ഈ രാജ്യത്ത് നിന്ന് അടുത്തിടെ പുറത്ത് വരുന്ന വാർത്തകൾ അത്ര സന്തോഷം നിറഞ്ഞതല്ല. ഫിൻലാൻഡിൽ യുവാക്കൾ മയക്കുമരുന്ന് ദുരുപയോഗം മൂലം മരിക്കുന്ന സംഭവങ്ങൾ കൂടിവരികയാണെന്ന് അന്തര്‍ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മയക്കുമരുന്ന് ദുരുപയോഗം മൂലം ഫിൻലാൻഡിൽ 25 വയസ്സിന് താഴെയുള്ള യുവാക്കൾക്കിടയിൽ അപകടങ്ങൾ വർദ്ധിച്ചുവരികയാണെന്ന് യൂറോ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.
യൂറോപ്യൻ മോണിറ്ററിംഗ് സെന്റർ ഫോർ ഡ്രഗ്സ് ആൻഡ് ഡ്രഗ് അഡിക്ഷന്റെ റിപ്പോർട്ട് പ്രകാരം 2022-ൽ മരിച്ചവരിൽ ഏകദേശം 30ശതമാനം പേരും 25 വയസും അതിൽ താഴെയുമുള്ളവരാണെന്ന് ചൂണ്ടിക്കാട്ടുന്നു. മറ്റ് യൂറോപ്യൻ യൂണിയൻ രാജ്യങ്ങളെ അപേക്ഷിച്ച് ശരാശരി പത്ത് വയസ്സിന് താഴെയുള്ളവരാണ് ഫിൻലാൻഡിൽ മയക്കുമരുന്നിന്റെ അമിത ഉപയോഗം മൂലം മരിക്കുന്നതെന്നും റിപ്പോർട്ടിലുണ്ട്.
മയക്കുമരുന്ന് അമിത ഉപയോഗം മൂലം 25 വയസ്സിന് താഴെയുള്ളവർ മരിക്കുന്ന യൂറോപ്യൻ രാജ്യങ്ങളിൽ ഏറ്റവും മോശം അവസ്ഥയിലാണ് ഫിൻലൻഡെന്നാണ് യൂറോപ്യൻ മോണിറ്ററിംഗ് സെന്റർ ഫോർ ഡ്രഗ്സ് ആൻഡ് ഡ്രഗ് അഡിക്ഷന്റെ റിപ്പോർട്ട്. മയക്കുമരുന്ന് ഉപയോഗിക്കുന്നവരിൽ 20 ശതമാനം പേർക്ക് മാത്രമേ ഫിൻലൻഡിൽ ചികിത്സ ലഭിക്കുന്നുള്ളൂവെന്നും റിപ്പോർട്ടുകളുണ്ട്.