ദില്ലി: ഖലിസ്ഥാൻ വിഘടനവാദി അമൃത്പാൽ സിങ്ങിനും അദ്ദേഹത്തിന്റെ അനുയായികൾക്കുമെതിരായ പഞ്ചാബ് പൊലീസിന്റെ നടപടിയുടെ പശ്ചാത്തലത്തിൽ ഒരു വിഭാഗം സിഖുകാർ ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷനിൽ നിന്ന് ഇന്ത്യൻ പതാക വലിച്ചെറിഞ്ഞ് പ്രതിഷേധിച്ചു. തുടർന്ന്, വിദേശകാര്യ മന്ത്രാലയം ദില്ലിയിലുള്ള യുകെ നയതന്ത്രജ്ഞനെ വിളിച്ചുവരുത്തി. ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷനെതിരെയുള്ള വിഘടനവാദികളുടെയും തീവ്രവാദികളുടെയും നടപടികളിൽ ഇന്ത്യയ്ക്കുള്ള ശക്തമായ പ്രതിഷേധം അറിയിച്ചതായി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. യുകെ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
അമൃത്പാൽ സിങ്ങിനും കൂട്ടർക്കുമെതിരായ നടപടിയ്ക്കെതിരെ ഒരു വിഭാഗം പ്രവാസി സിഖുകാർ ലണ്ടനിൽ വൈകുന്നേരം മുതൽ പ്രതിഷേധം ആരംഭിച്ചിരുന്നു. പ്രതിഷേധക്കാർ ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷനിലെ പതാക അഴിച്ചുമാറ്റുന്നത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വീഡിയോകളിൽ ദൃശ്യമാണ്. പ്രതിഷേധക്കാർ ഹൈക്കമ്മീഷൻ പരിസരത്ത് പ്രവേശിച്ചത് ബ്രിട്ടീഷ് സുരക്ഷയുടെ വീഴ്ചയാണെന്നും ഇക്കാര്യത്തിൽ വിശദീകരണം ആവശ്യപ്പെട്ടതായും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. വിയന്ന കൺവൻഷൻ കരാറിന്റെ ലംഘനമാണ് യുകെ നടത്തിയിരിക്കുന്നത്. ഇന്ത്യൻ നയതന്ത്ര സ്ഥാപനങ്ങളുടെയും ഉദ്യോഗസ്ഥരുടെയും സുരക്ഷയിൽ യുകെ സർക്കാരിന്റെ നിസ്സംഗത അംഗീകരിക്കാനാകില്ല. ഇന്നത്തെ സംഭവത്തിൽ ഉൾപ്പെട്ടിട്ടുള്ള ഓരോരുത്തരെയും തിരിച്ചറിയാനും അറസ്റ്റ് ചെയ്യാനും നടപടികൾ സ്വീകരിക്കാനും യുകെ സർക്കാർ അടിയന്തര നീക്കം നടത്തുമെന്ന് പ്രതീക്ഷിക്കുന്നതായും പ്രസ്താവനയിൽ പറയുന്നു.
അതേസമയം, ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷണർ അലക്സ് എല്ലിസ് സംഭവത്തെ അപലപിച്ചു. ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷന് നേരെ നടന്ന പ്രതിഷേധത്തെയും അതോടനുബന്ധിച്ചുള്ള പ്രവൃത്തികളെയും ഞാൻ അപലപിക്കുന്നു. നടന്നതൊക്കെ തീർത്തും അസ്വീകാര്യമാണ്. അലക്സ് എല്ലിസ് ട്വീറ്റ് ചെയ്തു. ഖലിസ്ഥാന്‍വാദി നേതാവ് അമൃത്പാലിനെ ഇനിയും പഞ്ചാബ് പൊലീസിന് പിടികൂടാനായിട്ടില്ല. ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിട്ടുണ്ട്.
ഐഎസ്ഐ ബന്ധം സംശയിക്കുന്നതിനാല്‍, അറസ്റ്റിലായാല്‍ അമൃത്പാലിനെ കസ്റ്റഡിയിലെടുക്കാനാണ് എൻഐഎ നീക്കം. ഇരുപത്തിയഞ്ച് കിലോമീറ്ററോളം ദൂരം പിന്തുടർന്ന ശേഷമാണ് ഖലിസ്ഥാന്‍വാദി നേതാവ് അമൃത്പാല്‍ രക്ഷപ്പെട്ടതെന്ന് പഞ്ചാബ് പൊലീസ് പറയുന്നു. ഇയാള്‍ക്കായുള്ള വ്യാപക തെരച്ചില്‍ സംസ്ഥാനത്ത് തുടരുകയാണ്. ഒരു രീതിയിലുമുള്ള ക്രമസമാധാന പ്രശ്നം ഉണ്ടാകാതിരിക്കാന്‍ വന്‍ സുരക്ഷ സംസ്ഥാനത്ത് ഏർപ്പെടുത്തിയിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി. എങ്കിലും കൈയ്യകലത്തില്‍ നിന്ന് വിഘടനവാദി നേതാവ് അമൃത്പാല്‍ രക്ഷപ്പെട്ടത് പഞ്ചാബ് പൊലീസിന് നാണക്കേടായിരിക്കുകയാണ്. പൊലീസ് പിന്തുടരുമ്പോൾ ബൈക്കിലാണ് അമൃത്പാല്‍ രക്ഷപ്പെട്ടതെന്നാണ് വിവരം.