പാരീസ് : ഫ്രാന്സില് തൊഴിലാളികള് ഒന്നടങ്കം എതിര്ക്കുന്ന പെന്‍ഷന്‍ പരിഷ്കരണ ബില്‍ പാര്‍ലമെന്റില്‍ വോട്ടിനിടാതെ പാസാക്കാന് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്.ഭരണഘടന നല്‍കുന്ന പ്രത്യേകാധികാരം ഉപയോഗിച്ച് പാര്‍ലമെന്റിന്റെ അധോസഭയില്‍ വോട്ടിനിടാതെ ബില്‍ പാസാക്കുമെന്ന് പ്രധാനമന്ത്രി എലിസബത്ത് ബോണ് പ്രഖ്യാപിച്ചു. സെനറ്റ് കഴിഞ്ഞ ദിവസം ബില്‍ പാസാക്കിയെങ്കിലും ഭൂരിപക്ഷമില്ലാത്ത അധോസഭയില്‍ ബില്‍ പരാജയപ്പെടുമെന്ന ആശങ്കയാണ് സര്ക്കാര് നീക്കത്തിന് പിന്നില്.
സര്വ്വീസില് 43 വര്‍ഷം പൂര്‍ത്തിയായവര്‍ക്കു മാത്രമേ പെന്‍ഷന് അധികാരമുണ്ടാകൂ എന്നതുള്‍പ്പെടെയുള്ള തൊഴിലാളിദ്രോഹ നിബന്ധനകളാണ് പുതിയ ബില്ലിലുള്ളത്.മാക്രോണിന്റെ നീക്കത്തിനെതിരെ പാര്‍ലമെന്റിനകത്തും പുറത്തും ശക്തമായ പ്രതിഷേധം ഉയര്‍ന്നു. പാര്‍ലമെന്റ് മന്ദിരത്തിനു മുന്നില്‍ തടിച്ചുകൂടിയ പ്രക്ഷോഭകരെ പിരിച്ചുവിടാന്‍ പൊലീസിന് കണ്ണീര്‍വാതകം പ്രയോഗിച്ചു. ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും ട്രേഡ് യൂണിയനുകള്‍ വ്യക്തമാക്കി.