ലണ്ടൻ: ബ്രിട്ടനിൽ തടവുകാരുമായി ലൈംഗിക ബന്ധത്തിൽ ഏര്‍പ്പെട്ട 18 വനിതാ ജീവനക്കാരെ പുറത്താക്കിയതായി റിപ്പോര്‍ട്ട്. ‘മിറര്‍’ ആണ് ഇത് സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. ബ്രിട്ടനിലെ ഏറ്റവും വലിയ ജയിലായ റെക്സ്ഹാമിലെ എച്ച്എംപി ബെര്‍വിനിലാണ് സംഭവം. പുറത്താക്കിയവരിൽ കൊടും കുറ്റവാളികളുമായി ബന്ധം പുലര്‍ത്തിയ മൂന്നുപേരെ ജയിലിൽ അടച്ചതായും റിപ്പോര്‍ട്ടിൽ പറയുന്നു. മോശം പെരുമാറ്റത്തിന് 2019 മുതൽ ഇതുവരെ 31 ജീവനക്കാരെയാണ് ജയിലിൽ നിന്ന പുറത്താക്കിയത്.
തടവുകാരനുമായി ലൈംഗിക ബന്ധത്തിൽ ഏര്‍പ്പെട്ടെന്ന് തെളിഞ്ഞതിന് പിന്നാലെയാണ് എമിലി വാട്സൻ എന്ന ജീവിനക്കാരിക്കെതിരെ നടപടിയെടുത്തത്. ഇവര്‍ ജോൺ മാക്ഗീ എന്ന തടവുകാരനുമായി കൂടുതൽ സമയം ചെലവിട്ടത് ശ്രദ്ധയിൽ പെട്ടതോടെ ഇവരെ നിരീക്ഷിച്ച് വരികയായിരുന്നു. ലഹരിക്കടത്തുകാരനായ ജോൺ കൊലക്കുറ്റത്തിനാണ് ജയിൽ ശിക്ഷ അനുഭവിക്കുന്നത്. ഇയാളുമായി ബന്ധം പുലര്‍ത്തിയതിന് എമിലിയെ ഒരു വര്‍ഷത്തേക്കാണ് ജയിലിൽ അടച്ചിരിക്കുന്നത്.
ജയിലിൽ കാമുകനുവേണ്ടി മൊബൈൽ ഫോൺ കടത്തി എത്തിക്കുകയും, ഫോണിൽ ജയിൽ പുള്ളിയുമായി ബന്ധം പുലര്‍ത്തുകയും ചെയ്തതിനായിരുന്നു ജെന്നിഫര്‍ ഗാവൻ എന്ന ജീവനക്കാരിക്കെതിരായ നടപടി. തന്റെ സ്വകാര്യ ചിത്രങ്ങളും ദൃശ്യങ്ങളും കൈമാറിയെന്നും, ഇവര്‍ അലക്സ് കോക്സൺ എന്ന തടവുകാരനെ തടവറയിൽ വച്ച് ചുംബിച്ചതായും തെളിഞ്ഞിട്ടുണ്ട്.
ഖുറം റസാഖ് എന്ന അപകടകാരിയായ ജയിൽ പുള്ളിയുമായി ബന്ധം പുലര്‍ത്തിയതിനായിരുന്നു അയ്ഷിയ ഗൺ എന്ന ജീവനക്കാരിക്ക് ശിക്ഷ വിധിച്ചത്. അടിവസ്ത്രത്തിൽ ഒളിപ്പിച്ച് കാമുകന് ഫോൺ എത്തിച്ച് നൽകുകയും ഫോണിലൂടെ ലൈംഗിക സംഭാഷണം നടത്തുകയും ചെയ്തുവെന്നും സ്വകാര്യ ദൃശ്യങ്ങൾ പങ്കുവച്ചെന്നും കണ്ടെത്തിയിട്ടുണ്ട്. അതേസമയം ഇവര്‍ കാമുകനുമായി ചുംബിക്കുന്ന തരത്തിലുള്ള ചിത്രം സോഷ്യൽ മീഡിയിൽ പ്രചരിക്കുകയാണ്. അതീവ സുരക്ഷാ സംവിധാനങ്ങളുള്ള ജയിലിൽ ഇത്തരം സംഭവങ്ങൾ നടക്കുന്നത് അപലപനീയമാണെന്ന് പ്രിസൺ ഓഫിസേഴ്സ് അസോസിയേഷൻ അധ്യക്ഷൻ മാർക്ക് ഫെയർഹേസ്റ്റ് പറഞ്ഞു. പശ്ചാത്തലം പരിഗണിക്കാതെ ജോലിക്കായി ആളുകളെ നിയമിക്കുന്നതാണ് പ്രശ്നങ്ങൾക്ക് കാരണമെന്നും അദ്ദേഹം പറഞ്ഞതായി റിപ്പോര്‍ട്ടിൽ പറയുന്നു.