മൂന്നാർ: റവന്യുവകുപ്പിന്‍റെ സ്റ്റോപ് മെമ്മോ അവഗണിച്ച് മുതിരപുഴയുടെ തീരത്ത് അമ്യൂസ്മെന്‍റ് പാർക്ക് നിര്‍മ്മിക്കുന്ന മൂന്നാര്‍ സര്‍വീസ് സഹകരണ ബാങ്കിനെതിരെ പൊലീസ് കേസെടുത്തു. കോടതിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് വില്ലേജോഫീസര്‍ നല്‍കിയ പരാതിയില്‍ ബാങ്ക് പ്രസിഡന്‍റിനെയും സെക്രട്ടറിയെയും പ്രതിചേർത്ത് അന്വേഷണം തുടങ്ങി. അതേസമയം നിർമ്മാണത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് ബാങ്ക് ഭരിക്കുന്ന സിപിഎം.
സിപിഎം ഭരണത്തിലുള്ള മുന്നാര്‍ സര്‍വീസ് സഹകരണ ബാങ്കിന്‍റെ അമ്യുസ്മെന്‍റ് പാര‍്ക്കിനുള്ള നിര്‍മ്മാണാനുമതി നിഷേധിച്ച് റവന്യുവകുപ്പ് അഡിഷണന്‍ ചീഫ് സെക്രട്ടറി ഉത്തരവിട്ടിരുന്നു. റവന്യുതര്‍ക്കമുള്ള പുഴയരുകിലെ ഭൂമിയെന്നതായിരുന്നു കാരണം. ഈ ഉത്തവ് ലംഘിച്ചും നിർമ്മാണം നടന്നതോടെ കേസെടുക്കാന്‍ ദേവികുളം തഹസിൽദാര്‍ മൂന്നാര്‍ ഡിവൈഎസ്പിയോട് ആവശ്യപെട്ടു. വില്ലേജ് ഓഫീസര്‍ മൂന്നാര്‍ സ്റ്റേഷനിലെത്തി പരാതിയും നല്‍കി. എന്നാല്‍ പൊലീസ് അനങ്ങിയില്ല. ഇതിനിടെ പരസ്യമായി ജനകീയ സംരക്ഷണസമിതിയെന്ന കൂട്ടായ്മ രൂപികരിച്ച് സിപിഎം നേതാക്കളുടെ നേതൃത്വത്തില്‍ വിപുലമായ പണി തുടങ്ങി. ഇതോടെയാണ് പരാതിക്കാരനായ രാജാറാം വീണ്ടും ഹൈക്കോടതിയെ സമീപിച്ചത്. ഹൈക്കോടതി സ്റ്റോപ് മെമോ കര്‍ശനമായി നടപ്പിലാക്കാന്‍ ജില്ലാ കളക്ടര്‍ക്ക് നിര്‍ദ്ദേശം നല‍്കി. ഇതിന്‍റെ അടിസ്ഥാനത്തിലാണ് നേരത്തെയുള്ള തസഹില്‍ദാരുടെ പരാതിയില്‍ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. സിപിഎം സെക്രട്ടേറിയേറ്റംഗവും ബാങ്ക് പ്രസിഡന്‍റുമായ കെ വി ശശി ബാങ്ക് സെക്രട്ടറി റാണി ഡി നായര്‍ എന്നിവരെ പ്രതിചേർത്താണ് എഫ്ഐആര്‍.
പൊലീസ് തടയാനെത്തിയാലും പണി തുടരുമെന്ന നിലപാടിലാണ് സിപിഎം. പരാതിക്കു പിന്നില്‍, പദ്ധതി വരരുതെന്നാഗ്രഹിക്കുന്ന കോൺഗ്രസ് നേതാക്കളെന്നാണ് ബാങ്കിന്‍റെ വിശദീകരണം. അതേസമയം, ഇനിയും പണി തുടര്‍ന്നാല്‍ കോടതിയെ അറിയിക്കാനാണ് റവന്യുവകുപ്പിന്‍റെയും പരാതിക്കാരന്‍റെയും നീക്കം.