തിരുവനന്തപുരം: 214 രൂപ ബില്ല് അടക്കാത്തതിന് കെഎസ്ഇബി കണക്ഷന്‍ വിച്ഛേദിച്ചു. വിദ്യാര്‍ത്ഥിയായ സംരഭകന് നഷ്ടമായത് ഒരു ലക്ഷം രൂപയുടെ കുല്‍ഫി. തിരുവനന്തപുരം സ്വദേശിയായ രോഹിത് എബ്രഹാം പുതിയതായി തുടങ്ങിയ കൊല്ലം ആശ്രാമത്തെ ഐസ്ക്രീം പാര്‍ലറിനാണ് ഈ ദുര്‍ഗതി.
രണ്ടുമാസം മുമ്പാണ് തിരുവനന്തപുരം വഴുതക്കാട് സ്വദേശിയും ബെംഗുളുരുവില്‍ ബിരുദ വിദ്യാര്‍ത്ഥിയുമായ രോഹിത് കൊല്ലം ആശ്രാമത്ത് ഐസ് എന്ന പേരില്‍ ഐസ്ക്രീം പാര്‍ലര്‍ തുടങ്ങിയത്. രണ്ട് മാസം മുമ്പ് തുടങ്ങിയ കടയില്‍ 214 രൂപ വൈദ്യുതി ബില്ല് അടക്കാന്‍ ബില്ലുണ്ടായിരുന്നത് രോഹിത് അറിഞ്ഞിരുന്നില്ല. അങ്ങനെ മാര്‍ച്ച് ആറിന് ബില്ല് ഡേറ്റ് അവസാനിച്ചു. മാര്‍ച്ച് ഒമ്പതിന് രാവിലെ കെഎസ്ഇബി വൈദ്യുതി ബന്ധം വിച്ഛേദിച്ചു. വിവരം അറിഞ്ഞപ്പോള്‍ കണ്‍സ്യൂമര്‍ നമ്പര്‍ വെച്ച് നോക്കുമ്പോള്‍ 214 രൂപ അടക്കാന്‍ ബാക്കിയുണ്ടെന്ന് മനസിലായതോടെ അപ്പോള്‍ തന്നെ ബില്ല് അടച്ചു. രണ്ട് മണിക്കൂറിനുള്ളില്‍ കണക്ഷന്‍ പൂര്‍വ സ്ഥിതിയിലാക്കി. പക്ഷേ അപ്പോഴേക്കും കുല്‍ഫിയെല്ലാം അലിഞ്ഞ് ഉപയോഗിക്കാന്‍ പറ്റാത്ത സ്ഥിതിയില്‍ ആയിരുന്നു.
എന്നാല്‍ ബില്‍ സംബന്ധിച്ച് കെഎസ്ഇബി പ്രൊഫൈലില്‍ ഉണ്ടായിരുന്ന നമ്പറിലേക്ക് മെസേജയച്ചിരുന്നു എന്നും ഫോണ്‍ വിളിച്ചപ്പോള്‍ എടുത്തില്ലെന്നുമാണ് സംഭവത്തില്‍ കെഎസ്ഇബി നല്‍കുന്ന വിശദീകരണം. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് കൃത്യമായി വൈദ്യുതി ബില്ല് അടച്ചിട്ടും മന്ത്രിയുടെ വീടിന്‍റെ കണക്ഷൻ കെ.എസ്.ഇ.ബി അധികൃതര്‍ കട്ട് ചെയ്തത് വന്‍ വിവാദമായിരുന്നു.കൃഷി മന്ത്രി പി.പ്രസാദിന്റെ നൂറനാട് മറ്റപ്പള്ളിയിലുള്ള വീടിന്റെ വൈദ്യുതി കണക്ഷനാണ് നൂറനാട് വൈദ്യുതി ഓഫീസിലെ ജീവനക്കാർ ഈ മാസം രണ്ടിന് കട്ട് ചെയ്തത്. സംഭവം വിവാദമായതോടെ ജീവനക്കാരെത്തി വൈദ്യുതി പുസ്ഥാപിച്ചിക്കുകയായിരുന്നു.