ക്രോയ്ഡണ്‍: ബ്രിട്ടനിലെ 2025ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ബാരോ ആന്‍ഡ് ഫര്‍നെസ് മണ്ഡലത്തില്‍ നിന്നും ലേബര്‍ പാര്‍ട്ടി സ്ഥാനാർഥിയായി മഞ്ജു ഷാഹുല്‍ ഹമീദ് ലോങ് ലിസ്റ്റ് ചെയ്യപ്പെട്ടു. 2025 ജനുവരി 24 ന് ശേഷം നടക്കാനിരിക്കുന്ന അടുത്ത തിരഞ്ഞെടുപ്പിനു മുന്നോടിയായി തിരഞ്ഞെടുക്കപ്പെടുന്ന അഞ്ചു മത്സരാർഥികളില്‍ ഒരാളായാണ് ക്രോയ്ഡണ്‍ ബ്രോഡ് ഗ്രീന്‍ വാര്‍ഡ് കൗണ്‍സിലര്‍ മഞ്ജു ഷാഹുല്‍ ഹമീദിനെ ഉള്‍പ്പെടുത്തിയത്.
ക്രോയ്ഡണില്‍ താമസിക്കുന്ന മലയാളിയും തിരുവനന്തപുരം വർക്കല സ്വദേശിനിയുമായ മഞ്ജു നിലവിൽ ക്രോയ്ഡണിലെ ബ്രോഡ് ഗ്രീന്‍ വാര്‍ഡിലെ കൗണ്‍സിലറാണ്. 2014 ൽ മഞ്ജു ക്രോയ്ഡോണിന്റെ മേയറായിരുന്നു.
1996 ല്‍ ലണ്ടന്‍ ട്രാന്‍സ്‌പോര്‍ട്ടില്‍ ജോലി ചെയ്യുന്ന റാഫി ഷാഹുല്‍ ഹമീദിനെ വിവാഹം കഴിച്ചാണ് യുകെയില്‍ എത്തുന്നത്. ചെമ്പഴന്തി എസ്എന്‍ കോളേജില്‍ നിന്നും ബിരുദം നേടിയ മഞ്ജു ലണ്ടനിലെ ഗ്രീന്‍വിച്ച് യൂണിവേഴ്‌സിറ്റിയില്‍ നിന്നും സയന്റിഫിക് ആന്‍ഡ് എൻജിനീയറിംഗ് സോഫ്റ്റ്‌വെയറില്‍ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. ലണ്ടനിലെ പഠനകാലത്ത് വിദ്യാർഥി യൂണിയനിൽ സജീവമായി പ്രവർത്തിച്ചിരുന്നു. ലണ്ടനിൽ രാഹുൽ ഗാന്ധി പങ്കെടുത്ത ഇന്ത്യൻ ഓവർസീസ് കോൺഗ്രസിന്റെ പ്രവാസി സമ്മേളനത്തിൽ പങ്കെടുത്ത മഞ്ജു അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.