സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്ത വരുന്ന ചില വീഡിയോകളില്‍ പോലീസിനുള്ളിലെ ചിലരുടെ തനിനിറം പൊതുമദ്ധ്യത്തില്‍ ചോദ്യം ചെയ്യപ്പെടുന്നു. ഇരകളില്‍ പലരും സംവിധാനത്തിന്‍റെ അധികാരത്തെ ഭയന്ന് ഒന്നും പുറത്ത് പറയാന്‍ തയ്യാറാകാതാകുമ്പോഴാണ് ഇത്തരം ചില വീഡിയോകള്‍ പുറത്ത് വരുന്നത്. മധ്യപ്രദേശിലാണ് സംഭവം. ബൈക്കില്‍ ഇരിക്കുകുന്ന പൊലീസ് യൂണിഫോം ധരിച്ചയാള്‍ ഒരു യുവതിയുടെ കൈയില്‍ പിടിച്ച് വലിക്കുന്നതാണ് വീഡിയോയിലെ ദൃശ്യങ്ങളിലുള്ളത്. ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതോടെ മധ്യപ്രദേശ് പോലീസ് ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു.
തലസ്ഥാനമായ ഭോപ്പാലിലായിരുന്നു സംഭവം. കോണ്‍സ്റ്റബിള്‍ പുഷ്പേന്ദ്രയാണ് വീഡിയോയിലുള്ള പോലീസ് ഉദ്യോഗസ്ഥനെന്ന് പോലീസ് തിരിച്ചറിഞ്ഞു. ഇയാള്‍ ബൈക്കില്‍ ഇരുന്ന് കൊണ്ട് മുന്നില്‍ നില്‍ക്കുന്ന ഒരു യുവതിയുടെ കൈ പടിച്ച് വലിക്കുന്നതാണ് വീഡിയോയിലുള്ളത്. പോലീസ് ഉദ്യോഗസ്ഥന്‍റെ പുറകിലെ റോഡില്‍ നിന്നാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. റോഡില്‍ മറ്റ് വാഹനങ്ങളോ ആളുകളോ ഇല്ല. യുവതി ഇയാളില്‍ നിന്നും കൈവിടുവിക്കാന്‍ ഏറെ പാടുപെടുന്നു. എന്നാല്‍ പോലീസ് ഉദ്യോഗസ്ഥന്‍ യുവതിയെ പിടിച്ച് വയ്ക്കാന്‍ ശ്രമിക്കുന്നതിനിടെ അവര്‍ കൈ വിടുവിച്ച് റോഡിന്‍റെ മറുവശത്തേക്ക് ഓടി പോകുന്നതും പോലീസ് ഉദ്യോഗസ്ഥന്‍ ബൈക്ക് സ്റ്റാര്‍ട്ട് ചെയ്യുന്നതും വീഡിയോയില്‍ കാണാം.
‘ബിജെപി ഭരണത്തിൽ സംരക്ഷകനും ഭക്ഷിക്കുന്നു! ഭോപ്പാലിലെ അൽപന ടാക്കീസിന് സമീപം പോലീസിന്‍റെ മനുഷ്യത്വരഹിതമായ മുഖം കാണിക്കുന്ന വീഡിയോ വൈറലായി.
ഹനുമാൻഗഞ്ച് പോലീസ് സ്റ്റേഷനിലെ ഒരു പോലീസ് ഒറ്റയ്ക്ക് നിൽക്കുന്ന പെൺകുട്ടിയോട് അപമര്യാദയായി പെരുമാറുന്നു. വളരെ ലജ്ജാകരമാണ്! വീഡിയോ ട്വിറ്ററില്‍ പങ്കുവച്ച് കൊണ്ട് സംസ്ഥാന വനിതാ കമ്മീഷന്‍ വൈസ് പ്രസിഡന്‍റ് കൂടിയായ സംഗീത ശര്‍മ്മ പറഞ്ഞു.
വീഡിയോയിൽ കാണുന്ന യുവതി കോഹെ ഫിസ പോലീസ് സ്റ്റേഷനിലെ കോൺസ്റ്റബിൾ പുഷ്പേന്ദ്രയുടെ സുഹൃത്താണെന്ന് അഡീഷണൽ ഡിസിപി രാം സ്നേഹി മിശ്ര മാധ്യമങ്ങളോട് പറഞ്ഞു. രാത്രി ഹനുമാൻഗഞ്ച് ഭാഗത്തിലൂടെ പുഷ്പേന്ദ്ര പോകുമ്പോൾ, വഴിയിൽ പെൺസുഹൃത്തിനെ കണ്ടു. ഈ സമയം സുഹൃത്ത് മദ്യപിച്ചിരുന്നെന്നും ശരിയായ രീതിയിൽ നടക്കാൻ സാധിച്ചിരുന്നില്ലെന്നും കോൺസ്റ്റബിൾ അറിയിച്ചു. രാത്രിയില്‍ മറ്റെന്തെങ്കിലും അനിഷ്ടസംഭവം ഉണ്ടാകേണ്ടെന്ന് കരുതി അവളെ വീട്ടില്‍ ഇറക്കി വിടാമെന്ന് പറഞ്ഞു. എന്നാല്‍ അവള്‍ അതിന് തയ്യാറായപ്പോള്‍ ബൈക്കിലേക്ക് പിടിച്ച് കയറ്റാന്‍ ശ്രമിച്ചതാണെന്നും കോണ്‍സ്റ്റബിള്‍ പുഷ്പേന്ദ്ര അറിയിച്ചെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
അതേസമയം ഭോപ്പാലിൽ ഒരു കോൺസ്റ്റബിൾ ഒരു സ്ത്രീയോട് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടതായി മധ്യപ്രദേശ് പോലീസ് ട്വിറ്റ് ചെയ്തു. സംഭവം ഗൗരവമായി എടുത്തിട്ടുണ്ടെന്നും വീഡിയോയിൽ കാണുന്ന സ്ത്രീയും കോൺസ്റ്റബിളും സുഹൃത്തുക്കളാണെന്നും ട്വീറ്റില്‍ പറയുന്നു. സംഭവത്തില്‍ പരാതി നൽകാൻ ആഗ്രഹിക്കുന്നില്ലെന്ന് യുവതി രേഖാമൂലം മൊഴി നൽകി. എന്നാൽ പെരുമാറ്റദൂഷ്യം കണക്കിലെടുത്ത് പോലീസ് സ്‌റ്റേഷനിലെ സേവനത്തിൽ നിന്ന് പുഷ്പേന്ദ്രയെ ഒഴിവാക്കിയെന്നും വകുപ്പുതല അന്വേഷണം ആരംഭിച്ചെന്നും ട്വീറ്റില്‍ പറയുന്നു.