ബെയ്ജിംഗ്: ചൈനയെ പിടിച്ചുകെട്ടിയും അടിച്ചമര്‍ത്തിയും അമേരിക്കയ്ക്ക് വലുതാകാന്‍ കഴിയില്ലെന്ന് ചൈനയുടെ പുതിയ വിദേശകാര്യമന്ത്രി ക്വിന്‍ ഗാംഗ്.യുഎസ്- ചൈനാ ബന്ധം ദുര്‍ബമലമാണെന്നും സംഘര്‍ഷത്തിലേക്കു നീങ്ങാമെന്നും പദവിയേറ്റെടുത്തശേഷമുള്ള ആദ്യ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം മുന്നറിയിപ്പു നല്കി.ചൈനയെ ഒന്നാമത്തെ എതിരാളിയായും വെല്ലുവിളിയായുമാണ് അമേരിക്ക കരുതുന്നത്. പ്രകോപനമുണ്ടായാലും ചൈന ഒന്നും മിണ്ടുകയോ പ്രവര്‍ത്തിക്കുകയോ ചെയ്യരുതെന്നാണ് അമേരിക്ക ആഗ്രഹിക്കുന്നത്. തെറ്റായ പാതയില്‍നിന്ന് അമേരിക്ക മാറിയില്ലെങ്കില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാവുകയും സംഘര്‍ഷത്തിലേക്കു നീങ്ങുകയും ചെയ്യാം. ചാരപ്രവര്‍ത്തനം നടത്തിയെന്നാരോപിച്ച് ചൈനയുടെ ബലൂണ്‍ വെടിവച്ചിട്ട സംഭവം അമേരിക്കയ്ക്ക് ഒഴിവാക്കാവുന്നതായിരുന്നു.
യുക്രെയ്ന്‍ യുദ്ധം നിര്‍ണായക ഘട്ടത്തിലെത്തിയെന്നും അജ്ഞാതമായ ഒരു കരമാണ് യുദ്ധത്തിനു പിന്നിലെന്നും ക്വിന്‍ ഗാംഗ് ആരോപിച്ചു. എന്നാല്‍, ഏതെങ്കിലും രാജ്യത്തിന്‍റെയോ വ്യക്തിയുടെയോ പേരു പറയാന്‍ അദ്ദേഹം തയാറായില്ല.സമാധാന ചര്‍ച്ച പുനരാരംഭിക്കണമെന്നാണു ചൈനയുടെ ആഗ്രഹം. ചൈന റഷ്യക്ക് ആയുധം നല്കിയിട്ടില്ല. തായ്‌വാന് ആയുധം നല്കുന്ന അമേരിക്ക, ചൈനയോട് റഷ്യക്ക് ആയുധം നല്കരുതെന്നു പറയുന്നതെന്തിനാണെന്നും അദ്ദേഹം ചോദിച്ചു.ക്വിന്‍ ഗാംഗ്, പ്രസിഡന്‍റ് ഷി ചിന്‍പിംഗിന്‍റെ വിശ്വസ്തനാണ്. കടുപ്പക്കാരനായ നയതന്ത്രജ്ഞനായിട്ടാണ് അദ്ദേഹം അറിയപ്പെടുന്നത്. മുന്‍വിദേശകാര്യമന്ത്രി വാംഗ് യിക്കു ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പോളിറ്റ് ബ്യൂറോയിലേക്കു സ്ഥാനക്കയറ്റം നല്കിയിരുന്നു.