ബെംഗളൂരു: ഇൻഡിഗോ വിമാനത്തിലെ ശുചിമുറിയിൽ പുകവലിച്ചതിന് 24കാരിയായ യുവതി അറസ്റ്റിൽ. കൊൽക്കത്തയിൽ നിന്ന് ബെംഗളൂരുവിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനത്തിലാണ് സംഭവം. സിയാൽദാ സ്വദേശിയായ പ്രിയങ്ക ചക്രബൊർത്തിയാണ് അറസ്റ്റിലായത്. വിമാനം ബെംഗളൂരുവിൽ എത്തിയ ഉടനെ യുവതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. വിമാനം ലാൻഡ് ചെയ്യുന്നതിന് അരമണിക്കൂർ മുമ്പാണ് സംഭവം. പ്രിയങ്ക സിഗരറ്റ് വലിക്കുന്നതായി സംശയിച്ച ക്രൂ അംഗങ്ങൾ അവർ പുറത്തിറങ്ങിയ ശേഷം സിഗരറ്റിന്റെ കുറ്റി വേസ്റ്റ് ബിന്നിൽ കണ്ടെത്തി. തുടർന്ന് പൈലറ്റിനോട് പരാതിപ്പെട്ടു. വിമാനം ലാൻഡ് ചെയ്ത ഉടനെ പ്രിയങ്കയെ ക്രൂ സുരക്ഷാ ഉദ്യോഗസ്ഥർക്ക് കൈമാറി. തുടർന്ന് പരാതി ലഭിച്ചതോടെ പൊലീസ് കേസെടുത്ത് അറസ്റ്റ് ചെയ്തു.