തിരുവനന്തപുരം: പാറശാലയിൽ പ്രായപൂർത്തിയാകാത്ത നാലു പെൺകുട്ടികളെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ സിപിഐ മുൻ ബ്രാഞ്ച് സെക്രട്ടറി ഒളിവിൽ. പാറശ്ശാല സ്വദേശിയാണ് പാറശ്ശാല പൊലീസ് കേസ് എടുത്തതിനു പിന്നാലെ ഒളിവിൽ പോയത്. ഒൻപത് മുതൽ പന്ത്രണ്ട് വയസ്സു വരെയുള്ള കുട്ടികളാണ് ഇയാളുടെ ലൈംഗീക അതിക്രമത്തിന് ഇരയായിരിക്കുന്നതെന്ന് പാറശ്ശാല പൊലീസ് പറഞ്ഞു. ഇതിൽ പന്ത്രണ്ടു വയസ്സുകാരിക്ക് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെ തുടർന്ന് കുട്ടി വിവരം അമ്മയോട് പറയുകയായിരിക്കുന്നു. കുട്ടികളോട് അമിതമായ അടുപ്പവും സ്നേഹവും അഭിനയിച്ച് വിശ്വാസത്തിലെടുത്ത് ലൈംഗിക ചൂഷണത്തിന് വിധേയമാക്കുകയായിരുന്നു ഇയാളുടെ രീതി.
ഇതോടെ കുട്ടിയുടെ രക്ഷിതാക്കൾ ഇതിനെക്കുറിച്ച് അന്വേഷിക്കുകയും കൈയാങ്കളിയിലെത്തുകയും ചെയ്തു. തുടർന്ന് കുട്ടിയുടെ രക്ഷിതാക്കൾ ചൈൽഡ് ലൈനിൽ നൽകിയ പരാതി തുടർന്ന് പാറശാല പൊലീസിനു കൈമാറി. സംഭവം പുറത്ത് അറിഞ്ഞതോടെ ഇയാളുമായി അടുത്ത് ഇടപഴകിയ കുട്ടികളുടെ രക്ഷിതാക്കൾ നടത്തിയ അന്വേഷണത്തിലാണ് കൂടുതൽ പേർക്ക് ദുരനുഭവം നേരിട്ടതായി വിവരം ലഭിച്ചത്. കുട്ടികളുടെ വീട്ടുകാർ സംഭവം അറിഞ്ഞത് മനസിലാക്കിയ പ്രതി ഒളിവിൽ പോയതായാണ് വിവരം. നിലവിൽ നാല് പരാതികൾ ലഭിച്ചിട്ടുണ്ടെന്നും പ്രതിക്കെതിരെ പോക്സോ വകുപ്പുകൾ ചുമത്തി കേസെടുത്തതായും പാറശാല പൊലീസ് അറിയിച്ചു. വിവാഹിതനും ഒന്നര വയസ്സുള്ള കുഞ്ഞിന്റെ പിതാവുമാണ് പ്രതി. ഇയാളുടെ അതിക്രമത്തിന് ഇരയായ കുട്ടികൾക്കും രക്ഷിതാക്കൾക്കും ചൈൽഡ് ലൈൻ പ്രവർത്തകർ കൗൺസിലിങ് ആരംഭിച്ചു. സിപിഎം പാർട്ടി അംഗമായിരുന്ന ഇയാൾ അടക്കം പത്തോളം പേർ ഒരു വർഷം മുൻപാണ് പ്രാദേശിക നേതാക്കളുമായുള്ള ഭിന്നതയിൽ സിപിഐയിലേക്ക് മാറിയത്. ആദ്യഘട്ടത്തിൽ ഇയാൾ സിപിഐ ഉദിയൻകുളങ്ങര ബ്രാഞ്ച് സെക്രട്ടറിയായി പ്രവർത്തിച്ചിരുതായാണ് വിവരം. എന്നാൽ പീഡന വാർത്തകൾ പുറത്ത് വന്നതോടെ ഇയാൾക്ക് പാർട്ടിയുമായി യാതൊരുവിധ ബന്ധവും ഇല്ലെന്ന് സിപിഐ പാറശ്ശാല മണ്ഡലം കമ്മിറ്റി പുറത്തിറക്കിയ പത്രകുറിപ്പിൽ പറയുന്നു.