ഇടുക്കി: തൊടുപുഴയിൽ രണ്ടിടങ്ങളിൽ നിന്നായി എംഡിഎംഎയും കഞ്ചാവും പിടികൂടി. മുട്ടത്തു നിന്നും കരിമണ്ണൂരിൽ നിന്നുമാണ് ഇവ പിടിച്ചെടുത്തത്. സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്ക് വിൽക്കാനായാണ് ഈ മയക്കുമരുന്നുകളെല്ലാം എത്തിച്ചത്. തൊടുപുഴ ഡി വൈ എസ് പി മധു ബാബുവും സംഘവുമാണ് ലഹരി സംഘത്തെ കുടുക്കിയത്.
കോളേജുകള്‍, ഹയര്‍സെക്കന്‍ററി സ്കൂളുകള്‍ തുടങ്ങിയവയുടെ പരിസരങ്ങളില്‍ വ്യാപകമായി കഞ്ചാവും എംഡിഎംഎയും വില്‍പ്പന നടത്തുന്നുണ്ടെന്ന് പോലീസിന് നേരത്തെ തന്നെ വിവരം ലഭിച്ചിരുന്നു. മിക്കയിടങ്ങളും പോലീസ് നിരീക്ഷണത്തിലുമായിരുന്നു. രണ്ടാഴ്ച്ച മുൻപ് പിടിയിലായ കഞ്ചാവ് വില്‍പ്പനക്കാരാണ് കോളേജിൽ കൊടുക്കാനായി എറണാകുളത്തു നിന്നെത്തുന്ന സംഘത്തെ കുറിച്ചുള്ള വിവരം പോലീസിന് നൽകുന്നത്. തുടർന്ന് നടത്തിയ പരിശോധനയില്‍ രണ്ടിടങ്ങളില്‍ നിന്നായി ആറു പേരെ പോലീസ് അറസ്റ്റു ചെയ്തു.