ഇടുക്കി: വീടിന് തീപിടിച്ച് ഇടുക്കിയിൽ മധ്യവയസ്കൻ മരിച്ചു. തൊടുപുഴ മണക്കാടാണ് സംഭവം. മണക്കാട് സ്വദേശി കളപ്പുര കോളനിയിൽ ജോസഫ് ആണ് മരിച്ചത്. 55 വയസായിരുന്നു. മൃതദേഹം തൊടുപുഴയിലെ ഇടുക്കി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ജോസഫ് ജീവനൊടുക്കുകയായിരുന്നു എന്നാണ് വിവരം. സഹോദരി നോക്കിനിൽക്കെയായിരുന്നു സംഭവം. ഈ സമയത്ത് മദ്യലഹരിയിലായിരുന്നു ജോസഫ്. താൻ മരിക്കുകയാണ് എന്ന പറഞ്ഞ ശേഷം ജോസഫ് താമസിക്കുന്ന ഷെഡിന് തീ കൊളുത്തി. തീ ശരീരത്തിൽ പടർന്ന് സംഭവ സ്ഥലത്ത് വെച്ച് തന്നെ ജോസഫ് മരിച്ചു. പിന്നീട് നാട്ടുകാരും അഗ്നി രക്ഷാ സേനാംഗങ്ങളും ചേർന്ന് തീയണച്ചു. മൃതദേഹം പൊലീസെത്തി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് കേസെടുത്തു.