തിരുവനന്തപുരം: ബാറിനുള്ളിൽ യുവാവിനെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ നിരവധി കേസുകളിലെ പ്രതിയെ പൊലീസിന്‍റെ പിടിയിൽ. കിളിമാനൂർ കൊടുവഴന്നൂർ തോട്ടവാരം സ്വദേശി മഹേഷിനെ (32) യാണ് കിളിമാനൂർ പൊലീസ് പിടികൂടിയത്. ഇയാള്‍ക്കതിരെ പൊലീസ് കാപ്പ ചുമത്താന്നുള്ള നടപടികൾ സ്വീകരിച്ച് വരികയായിരുന്നു. ഇതിനിടയിലാണ് ബാറിനുള്ളിലെ കുത്ത് കേസില്‍ മഹേഷ് അറസ്റ്റിലാകുന്നത്.
കഴിഞ്ഞ ദിവസം രാത്രി 8 മണിയോടെ ആണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. കാരേറ്റിലുള്ള കാർത്തിക ബാറിൽ മദ്യപിക്കാനെത്തിയ യുവാവിനെ വഴിയിൽ തടഞ്ഞതിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്നാണ് ആക്രമണം. പ്രതി പൊട്ടിയ ബിയർ കുപ്പിയുടെ തലഭാഗം കൊണ്ട് യുവാവിനെ തുരുതുരാ കുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അക്രമണത്തിൽ യുവാവിന് നെഞ്ചിലും, തലയുടെ മുകൾ ഭാഗത്തും കാലിന്റെ തുടയിലും കുത്തേറ്റു.