മലപ്പുറം: മലപ്പുറം മൈലപ്പുറത്തെ നൂറടിപ്പുഴയിൽ ഇന്നലെ അമ്മയും മകളും മുങ്ങി മരിച്ചിരുന്നു. മൂന്നുപേർ വെള്ളത്തിൽ മുങ്ങിയപ്പോൾ ഒരാളെ രക്ഷിക്കാൻ അതുവഴി വന്ന കമറുദ്ദീന് കഴിഞ്ഞിരുന്നു. നാടിനെ കണ്ണീരിലാഴ്ത്തിയ മരണം വി ഐ പി കോളനിക്കടവിൽ വെള്ളിയാഴ്ച ഉച്ചക്ക് 11.30 ഓടെയാണ് ഉണ്ടായത്. വേങ്ങര സ്വദേശി ശമീറിന്റെ ഭാര്യ ഫാത്തിമ ഫായിസ (29) മകൾ ദിയ ഫാത്തിമ (ഏഴ് ) എന്നിവരാണ് മുങ്ങിമരിച്ചത്. അനിയത്തിയും മക്കളുമായി കുളിക്കാനെത്തിയതായിരുന്നു ഇവർ. ഇതിനിടയിൽ മകൾ ഒഴുക്കിൽ പെടുകയും രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മാതാവും അപകടത്തിൽപ്പെടുകയായിരുന്നു.
ഫാത്തിമ ഫായിസയും മക്കളും സഹോദരി ഷംനയുമായി ഇന്നലെ രാവിലെ നൂറാടിപുഴയിൽ കുളിക്കാനായി പോയതായിരുന്നു. വീട്ടിലേക്ക് വിരുന്നു വന്നതായിരുന്നു ഇവർ. ഇവരുമൊന്നിച്ച് കുളിക്കാൻ പോയപ്പോൾ കാൽവഴുതി വെള്ളത്തിൽ വീഴുകയായിരുന്നു. അപകടത്തിൽ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത് നാട്ടുകാരനായ കമറുദ്ദീനാണ്. വീട്ടിലേക്ക് പോകുന്ന വഴിയായിരുന്നു കമറുദ്ദീൻ സ്ത്രീകളുടെ നിലവിളിയും കരച്ചിലും കേട്ടത്. സംഭവ സ്ഥലത്തെത്തിയപ്പോൾ അപകടത്തിൽപ്പെട്ടവരുടെ കൂടെയുണ്ടായിരുന്ന ഷംന മുങ്ങിത്താഴുന്നതാണ് കണ്ടത്. ഇതോടെ പുഴയിലേക്ക് എടുത്തുചാടിയ കമറുദ്ദീൻ ഇവരെ കരക്കെത്തിച്ചു. അപ്പോഴാണ് രണ്ട് പേരും കൂടി വെള്ളത്തിൽ താഴ്ന്ന കാര്യമറിയുന്നത്. ഉടൻ വീണ്ടും പുഴയിലേക്ക് ചാടിയ കമറുദ്ദീൻ രണ്ട് പേരെയും രക്ഷപ്പെടുത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.