ന്യൂഡൽഹി: ക്വാഡ് വിദേശകാര്യ മന്ത്രിമാർ ഡൽഹിയിൽ ഒത്തുകൂടി. ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കർ അധ്യക്ഷത വഹിച്ച യോഗത്തിൽ ജപ്പാൻ വിദേശകാര്യമന്ത്രി യോഷിമാസ ഹയാസി, ഓസ്ട്രേലിയൻ വിദേശകാര്യമന്ത്രി പെന്നി വുംഗ് തുടങ്ങിയവരും പങ്കെടുത്തു. കൂടിക്കാഴ്ച്ചയിൽ യുക്രെയ്നിൽ സമാധാനത്തിന് മന്ത്രിമാർ ആഹ്വാനം ചെയ്തു.
ഇന്തോ-പസഫിക് മേഖലയിലെ ചൈനീസ് ഭീഷണിയുടെ പശ്ചാത്തലത്തിൽ നടന്ന യോഗത്തിൽ യുക്രെയ്ൻ വിഷയവും വിശദമായ ചർച്ചയ്ക്കുവന്നു. ആണവായുധങ്ങളുള്ള ഭീഷണിയും പ്രയോഗവും ആംഗീകരിക്കാനാവില്ലെന്നു റഷ്യയെ പേരെടുത്തുപറയാതെ യോഗം മുന്നറിയിപ്പ് നൽകി. യുക്രെയ്നിൽ തുടരാൻ റഷ്യയെ അനുവദിക്കുന്നത് അധിനിവേശത്തിനു ശ്രമിക്കുന്ന മറ്റു രാജ്യങ്ങൾക്കു പ്രചോദനമാകുമെന്ന് യോഗത്തിൽ സംസാരിച്ച യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആൻറണി ബ്ലിങ്കൻ അഭിപ്രായപ്പെട്ടു.
യുക്രെയ്നിലെ റഷ്യൻ നടപടിയെ യുഎസും ജപ്പാനും ഓസ്ട്രേലിയയും ശക്തമായി എതിർത്തു സംസാരിച്ചു. നയതന്ത്രതലത്തിലും ഉഭയകക്ഷി ചർച്ചകളുമാണ് പ്രശ്നപരിഹാരത്തിനായി ഇന്ത്യ മുന്നോട്ടുവച്ചത്. ഒടുവിൽ രാജ്യാന്തര നിയമങ്ങൾ മാനിച്ച് യുക്രെയ്നിൽ ശാശ്വത സമാധാനം സ്ഥാപിക്കണമെന്നു സംയുക്ത പ്രസ്താവനയിൽ മന്ത്രിമാർ പറഞ്ഞു.
അതേസമയം മന്ത്രിതല കൂടിക്കാഴ്ചയെ ചൈന ശക്തമായി വിമർശിച്ചു. വികസനവും സമാധാനവും ലക്ഷ്യമിട്ടായിരിക്കണം രാജ്യാന്തര സഹകരണമെന്നു ചൈനീസ് വിദേശകാര്യമന്ത്രാലയം പറഞ്ഞു. പരസ്പരവിശ്വാസവും മേഖലയിലെ സ്ഥിരതയും മെച്ചപ്പെടുത്തുന്നതിനു പകരം ബഹിഷ്കരണമാണ് ക്വാഡ് യോഗം ആഹ്വാനം ചെയ്യുന്നതെന്നും ചൈനീസ് മന്ത്രാലയം വിമർശിച്ചു.